വീട്ടുകാരുടെ പ്രിയപ്പെട്ട 'മണി'; കോണ്‍ഗ്രസ് തറവാട്ടിലെ ഇളമുറക്കാരന്‍; ചെങ്കൊടി നെഞ്ചോടുചേര്‍ത്തത് കൗമാരത്തില്‍

By Web Desk.01 10 2022

imran-azhar

 


തിരുവനന്തപുരം: കോടിയേരിയിലെ മുട്ടേമ്മല്‍ വീട്ടില്‍ ആര്‍ക്കും കമ്യൂണിസത്തോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. തികച്ചും ഒരു കോണ്‍ഗ്രസ് തറവാട്. എന്നാല്‍, ആ തറവാട്ടിലെ ഇളമുറക്കാരന്‍ ബാലകൃഷ്ണന്‍ ചെങ്കൊടിയെ നെഞ്ചോടു ചേര്‍ത്തു.

 

കൗമാരക്കാരനെ കമ്യൂണിസത്തിലേക്കു കൈപിടിച്ചുകയറ്റിയത് അമ്മാവന്‍ നാണു നമ്പ്യാരായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ്എഫില്‍ ചേര്‍ന്നു.

 

അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കുറുപ്പിനെ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലകൃഷ്ണന് നഷ്ടപ്പെട്ടു. അമ്മയാണ് വളര്‍ത്തിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരന്‍. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്. സഹോദരിമാരുടെ വാല്‍സല്യം ഏറെ അനുഭവിച്ചാണ് ബാലകൃഷ്ണന്‍ വളര്‍ന്നത്.

 

പ്രസംഗിക്കാന്‍ ഏറെ താല്‍പര്യമായിരുന്ന ബാലകൃഷ്ണന്‍ അഞ്ചാം ക്ലാസുമുതല്‍ സ്‌കൂളുകളില്‍ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. കോടിയേരി ദേശീയ വായനശാലയിലെ പുസ്തകങ്ങള്‍ കുട്ടിയില്‍ വായനാശീലം വളര്‍ത്തി. ആ വായനാശാലയിലാണ് കെഎസ്എഫ് യോഗം ചേര്‍ന്ന് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തതും.

 

സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ കോടിയേരിക്കു പ്രദേശിക തലത്തില്‍ വിദ്യാര്‍ഥി നേതാവെന്ന പേരു ലഭിച്ചിരുന്നു. വിദ്യാര്‍ഥി ക്യാംപില്‍ ഓണിയന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് മൂഴിക്കരയിലെ ബാലകൃഷ്ണനും മുളിയില്‍നടയില്‍ ബാലകൃഷ്ണനും പങ്കെടുത്തു. റജിസ്ട്രേഷന്‍ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്ണനാണ് മൊട്ടേമ്മല്‍ ബാലകൃഷ്ണന് കോടിയേരി എന്ന പേര് നിര്‍ദേശിച്ചത്.

 

കോടിയേരി മാഹി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1970ലാണ് എസ്എഫ്‌ഐ രൂപീകരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ആദ്യത്തെ ചെയര്‍മാനായി.

 

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലാണ് തുടര്‍ പഠനം നടത്തിയത്. ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി.

 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മിസ നിയമപ്രകാരം വിദ്യാര്‍ഥി നേതാക്കള്‍ അറസ്റ്റിലായി. എം.എ.ബേബി, ജി.സുധാകരന്‍, എം.വിജയകുമാര്‍ തുടങ്ങിയവരും പിണറായി വിജയനുമെല്ലാം ജയിലില്‍ സഹതടവുകാരായി. ഒന്നരവര്‍ഷത്തിനു ശേഷമായിരുന്നു മോചനം. 1980വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.

 

18 വയസ്സാണ് സിപിഎമ്മില്‍ ചേരാനുള്ള പ്രായമെങ്കിലും 16 വയസ്സു കഴിഞ്ഞപ്പോള്‍ പാര്‍ട്ടി അംഗമായ ആളാണ് കോടിയേരി. കോളജ് വിദ്യാര്‍ഥിയായിരിക്കേ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

 

OTHER SECTIONS