പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി

By കലാകൗമുദി ലേഖകൻ.12 Sep, 2018

imran-azhar

 

 

തിരുവനന്തപുരം:നിഷ്ട്ടൂരമായി സ്വന്തം മകനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ.സീത പ്രതിയുടെ ശിക്ഷ ഇന്ന് പ്രസ്‌താവിക്കും.മുക്കാലാപാട്ട് വീട്ടിൽ രാമകൃഷ്‌ണൻ പിള്ള മകൻ ഭുവനചന്ദ്രൻ നായരെ (60)രാണ് കേസിലെ പ്രതി.

2016 ഫെബ്രുവരി 23 ന് ആറ്റുകാൽ പൊങ്കാല കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് പ്രതിയുടെ ഭാര്യ ശാന്തകുമാരിയും മകനും വീട്ടിൽ വന്നിരുന്നു.രാത്രി 8 മണിയോടെ അച്ഛൻ ഭുവനചന്ദ്രൻ നായരും മകൻ രാജേഷ് കുമാറും തമ്മിൽ വീട്ടിനകത്ത് വച്ച് വാക്കുതർക്കം നടന്നു.അന്നു രാത്രി 11 മണിക്ക് മദ്യപിച്ചു വീട്ടിൽ എത്തിയ ഭുവനചന്ദ്രൻ നായർ പള്ളിച്ചൽ പെട്രോൾ പമ്പിൽ നിന്നും വാങ്ങിച്ച ഒരു ലിറ്റർ പെട്രോൾ രാജേഷ് കുമാർ കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ജന്നൽ വഴി ഒഴിച്ച് തീ കത്തിച്ച് കടന്നു കളയുകയായിരുന്നു.ശരീരം മുഴുവൻ പൊള്ളലേറ്റ രാജേഷ് കുമാറിനെ അമ്മ ശാന്തകുമാരിയും അയൽവാസിയും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്.പ്രതിയുടെ ഭാര്യ ശാന്തകുമാരി,മക്കളായ രേഖ,ലേഖ,മരുമകൻ സന്തോഷ് കുമാർ എന്നിവർ ഉൾപ്പടെ 23 സാക്ഷികളും,22 രേഖകളും,7 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ പരിഗണിച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.