ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്; നടപടി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

By RK.17 01 2022

imran-azhar

 

കൊച്ചി: ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടല്‍ ഉടമയുമായ ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ദിലീപുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന എഫ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. കേസില്‍ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.


ദിലീപുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ശരത്. ദിലീപ് അറസ്റ്റിലായപ്പോള്‍ ശരത്താണ് ഒപ്പമുണ്ടായിരുന്നത്. ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്.

 

ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത് ഹാജരായില്ല. ഇപ്പോള്‍ കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടുമായിട്ടാണ് സംഘം എത്തിയത്.

 

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശരത് ഫോണ്‍ ഓഫാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ചൊവ്വാഴ്ചയാണ് ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

 

 

OTHER SECTIONS