കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

By Online Desk.08 11 2018

imran-azhar

 

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചയാളെ സൈബര്‍ ക്രൈം പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ തിരുത്തണി താലൂക്കില്‍ ബിഗ് സ്ട്രീറ്റിലെ സുനില്‍കുമാറിനെയാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണല്‍ വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് ഇത്തരം ചിത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ കൂടിയായ ക്രൈംബ്രാഞ്ച് ഐജിയെ ഇക്കാര്യം പോര്‍ട്ടല്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിബു വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് പി, അഭിലാഷ് എന്‍എല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

OTHER SECTIONS