കുരിശ്: മുഖ്യമന്തിയെ വിമര്‍ശിച്ച് ജോയ് മാത്യു

By praveen prasannan.22 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കുരിശ് പൊളിച്ച് നീക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ജോയ് മാത്യുവിന്‍റെ പരിഹാസം. ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശ് സ്ഥാപിക്കും. പിനീട് ഇവ കോടികള്‍ ചെലവഴിക്കുന്ന പള്ളികളാകുമെന്നും ജോയ് മാത്യു ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.


കുരിശ് പള്ളികളാകുന്പോള്‍ ഇനി പൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച് തരണേ എന്ന പ്രാര്‍ത്ഥന ഇവിടെ തുടങ്ങുകയാണ്. സ്വന്തമായി ഒരു കൂരയോ ഒരു സെന്‍റ് ഭൂമി പോലുമോ ഇല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ ബുദ്ധിമുട്ടുന്നയിടത്താണ് മതത്തിന്‍റെ പേശിബലത്തില്‍ ഏക്കറുകള്‍ മതമാഫിയകള്‍ കൈവശപ്പെടുത്തുന്നത്.


പിന്നീട് അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കും. പിന്നീട് അതൊരു സഭയാകും. ഇത് നമ്മുടെ നാട്ടില്‍ മാത്രം കണ്ട് വരുന്ന കൃഷിയാണിതെന്ന് ജോയ് മാത്യു പറയുന്നു. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ലെന്ന് പറയുന്പോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമത്രി ഇത്തരം കുരിശ് കൃഷി സംരക്ഷിക്കാന്‍ രംഗത്ത് വരുന്നതിന്‍റെ പ്രുളെന്തെന്ന് നടന്‍ ചോദിക്കുന്നു.


മത ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള കയ്യേറ്റങ്ങള്‍ അത് ഏത് മതത്തിന്‍റേതായാലും തിരിച്ച് പിടിക്കാനുള്ള ആര്‍ജ്ജവം കാട്ടുന്ന നട്ടെല്ലുള്ള സര്‍ക്കാരിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നതെന്നും ജോയ് മാത്യു പറയുന്നു.