ഇതിലും മോശമായതിന് വേണ്ടി തയ്യാറായിക്കോളൂ, ഉക്രെയിന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് സൈബറാക്രമണം

By Avani Chandra.14 01 2022

imran-azhar

 

ഉക്രെയിനില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് നേരെ വന്‍ സൈബറാക്രമണം. എംബസികളുടേതുള്‍പ്പടെയുള്ള വെബ്സൈറ്റുകളാണ് സൈബറാക്രമണത്തെ തുടര്‍ന്ന് നിശ്ചലമായത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും വെബ്സൈറ്റുകളും യുകെ, യുഎസ്, സ്വീഡന്‍ എന്നിവിടങ്ങളിലുള്ള എംബസി വെബ്സൈറ്റുകളും സൈബറാക്രമണത്തിനിരയായവയില്‍ പെടുന്നു.

 

'ഇതിലും മോശമായതിന് വേണ്ടി തയ്യാറായിക്കോളൂ' എന്ന സന്ദേശം കാണിച്ചു കൊണ്ടാണ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായത്. ഉക്രേനിയന്‍, റഷ്യന്‍, പോളിഷ് ഭാഷകളിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. ആക്രമണത്തിന് പിറകില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിറകില്‍ റഷ്യയാണെന്ന ആരോപണമുണ്ട്.

 

റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തികളില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഉക്രെയിനിന് നേരെ ഏറെ നാളുകളായി സൈബറാക്രമണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1200 സൈബറാക്രമണ ശ്രമങ്ങള്‍ നിഷ്‌ക്രിയമാക്കിയതായി ഉക്രെയിനിന്റെ എസ്ബിയു സെക്യൂരിറ്റി സര്‍വീസ് പറയുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മറ്റ് വെബ്സൈറ്റുകളില്‍ പലതും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് അധികൃതര്‍.

OTHER SECTIONS