എനിക്ക് ഒരു രാഷ്ട്രീയകക്ഷിയുടെയും അംഗമാകാന്‍ സാധിക്കില്ല- ഡി. ബാബു പോള്‍

By online desk.20 03 2019

imran-azhar

 

 

തിരുവനന്തപുരം: ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗമാകാന്‍ എനിക്ക് സാധിക്കുകയില്ലെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബു പോള്‍. എന്‍.ഡി.എയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവുകയാണെങ്കില്‍ നൂറുശതമാനം അച്ചടക്കം പാലിക്കണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എനിക്ക് ബി.ജെ.പിയെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളപ്പോള്‍ അത് പറയാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്താനാണ് ഒരു കക്ഷിയിലും ചേരാത്തത്. 2004 ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കാലം മുതലുള്ള ഓര്‍മകളും ഉദ്ഘാടനവേളയില്‍ അദ്ദേഹം പങ്കുവെച്ചു. ഓരോ തെരഞ്ഞെടുപ്പിനും വിവിധ തലങ്ങളാണുള്ളത്. പാര്‍ലമെന്റ് പോലുള്ള ദേശീയ തെരഞ്ഞെടുപ്പില്‍ ദേശീയ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാര്‍ക്കെന്നതാണ് നാം നോക്കുന്നത്. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണെന്നും ബാബു പോള്‍ പറഞ്ഞു.

 

ഭാരതത്തില്‍ സുരക്ഷയോടുകൂടിയുള്ള അഞ്ചുവര്‍ഷമാണ് ഇപ്പോള്‍ കടന്നുപോയത്. കുമ്മനം രാജശേഖരന്റെ വിജയത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ ഭരണം വരെ കണ്ട തെരഞ്ഞെടുപ്പല്ല കേരളത്തില്‍ ഇനി വരാന്‍ പോകുന്നതെന്ന് സംസ്ഥാന മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പറഞ്ഞു. ഈ വര്‍ഷം കുമ്മനം രാജശേഖരനൊപ്പം മോദിജിയ്ക്ക് വേണ്ടി കൈയുര്‍ത്താന്‍ അഞ്ചുപേരെങ്കിലുമുണ്ടാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

 

ഈ തെരഞ്ഞെടുപ്പ് സംശുദ്ധ രാഷ്ട്രീയവും കളങ്കിത രാഷ്ട്രീയവും തമ്മിലാണ്. ഭാവാത്മകരാഷ്ട്രീയവും നിഷേധാത്മക രാഷ്ട്രീയവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും പറയാനുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റങ്ങള്‍ മാത്രവും. അവര്‍ക്ക് രചനാത്മകമായി ഒന്നും തന്നെ ജനങ്ങളോട് പറയാനില്ല. കേരളത്തിന് വേണ്ടി ഈ രണ്ട് പാര്‍ട്ടികളും യാതൊന്നും ചെയ്തിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ചടങ്ങില്‍ സംസ്ഥാന മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, ജില്ലാ അദ്ധ്യക്ഷന്‍ എസ്.സുരേഷ്, എം.എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

OTHER SECTIONS