'എപ്പോൾ കണ്ടാലും ഒരു പുഞ്ചിരി പാസാക്കും, എല്ലാവരോടും സ്നേഹം മാത്രം'; ഭവ്യയുടെ വിയോഗത്തിൽ വിറങ്ങലിച്ച് ഉറ്റവർ

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു

 


തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ മരിച്ചു. വടിയാറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍ എന്ന ഫ്ലാറ്റിലാണ് ദാരുണമായ സംഭവമുണ്ടായത്. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ പതിനാറുകാരിയായ ഭവ്യയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് കളിക്കുന്നതിനിടെ അബദ്ധവശാൽ കാല് തെന്നി ഏഴാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

 

അപകടം നടക്കുമ്പോൾ ആനന്ദ് സിംഗും മറ്റ് ബന്ധുക്കളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഭവ്യയെ ഉടൻ തന്നെ വഴുതക്കാടുള്ള എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരടക്കം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.


"ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് വലിയൊരു ശബ്ദം കേട്ട് ഫ്ലാറ്റിന്റെ മുൻ വശത്തേക്ക് ഓടിയെത്തുന്നത്. അടുത്തെത്തി നോക്കുമ്പോഴാണ് ഭവ്യയെ ശരീരമാകെ കുഴഞ്ഞ് അവശനിലയിൽ കിടക്കുന്നത് കണ്ടത്. ആനന്ദ് സിംഗ് സാറിന്റെ ഡ്രൈവർ പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെയും വിളിച്ച് വീണ് കിടക്കുന്ന ഭവ്യയുടെ അടുത്തെത്തിയപ്പോഴേക്കും സാറും മറ്റ് ബന്ധുക്കളും, ഫ്ളാറ്റിലെ മറ്റ് താമസക്കാരും ഓടി താഴേക്ക് എത്തി." കാവടിയാറിലെ നികുഞ്ചം ഫോർച്യൂൺ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോപകുമാർ ഇന്നലെയുണ്ടായ ദാരുണമായ അപകടം ഓർത്തെടുക്കുന്നു.

 

ആനന്ദ് സിംഗിന്റെ വാഹനത്തിലാണ് ഭവ്യയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ത്ഥിനിയാണ് ഭവ്യ സിംഗ്. എപ്പോഴും കളിച്ചുചിരിച്ച് പ്രസരിപ്പോടെ നടക്കുന്ന കുട്ടിയാണ് ഭവ്യ. എപ്പോൾ കണ്ടാലും മുഖത്തൊരു പുഞ്ചിരി ഉണ്ടാകും. എല്ലാവരോടും സ്നേഹം മാത്രം. ഭവ്യയുടെ അപ്രതീക്ഷിത വിയോത്തിന്റെ ഞെട്ടലിൽ നിന്നും മുക്തിനേടാനായിട്ടില്ല ആർക്കും. ഉത്തർപ്രദേശ് ആണ് അനദ് സിംഗിന്റെ സ്വദേശം. കഴിഞ്ഞ മൂന്നുവര്‍ഷമായി ആനന്ദ് സിംഗും കുടുംബവും കവടിയാറിലാണ് താമസം.

 

OTHER SECTIONS