ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യത്തില്‍ സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

By mathew.12 09 2019

imran-azhar

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹര്‍ജിയില്‍ സിബിഐയോട് തല്‍സ്ഥിതി (സ്റ്റാറ്റസ്) റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ ഇനി സെപ്റ്റംബര്‍ 23ന് വാദം കേള്‍ക്കും.

 

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള സിബിഐ കോടതി വിധിക്കെതിരെയും ചിദംബരം അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് ചിദംബരം ഹര്‍ജിയില്‍ ആരോപിച്ചു.

 

കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നീട്, സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഇതിനിടെ ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

 

OTHER SECTIONS