By Meghina.26 01 2021
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായതിൻറെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു.
അര്‍ദ്ധസൈനിക വിഭാഗങ്ങളോട് സജ്ജരായിരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ രംഗത്തിറങ്ങേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ തലസ്ഥാനത്തേയും സമീപ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.
കര്‍ഷകരുടെ സമരഭൂമിയായ സിംഘുവടക്കമുള്ള വിവിധ അതിര്‍ത്തികളിലും ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരുമായി ഡൽഹിയിലെ സ്ഥിതിഗതികള്‍ ആരാഞ്ഞു.
അതേ സമയം സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്ക് ശേഷം കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി .
കര്‍ഷകര്‍ ചെങ്കോട്ട, സിവില്‍ ലൈന്‍സ്, മഞ്ജു തി ല, ബുറാഡി മേല്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് സിംഘുവിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്ന് ഒരുവിഭാഗം കര്‍ഷകര്‍ വ്യതിചലിച്ചുകൊണ്ട് നടത്തിയ പരേഡ് അക്രമാസക്തമായിരുന്നു.
വിവിധ ഇടങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കര്ഷകന് മരിച്ചു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ചെങ്കോട്ട വളഞ്ഞ കര്‍ഷകര്‍ അവിടെ തങ്ങളുടെ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘടനകള്‍ അപലപിച്ചു.
ചിലര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറി മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
കര്‍ഷകരോട് സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ഡൽഹി പോലീസ് കർഷകർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനിരിക്കയാണ്