ഡല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം; തീരുമാനം വിവാദം

By Lekshmi.24 11 2022

imran-azhar

 

 

ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വിവാദമായി.ഒറ്റയ്‌ക്കോ സംഘമായോ എത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് മസ്ജിദിന്റെ മൂന്ന് പ്രധാന പ്രവേശനകവാടങ്ങളില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടതോടെയാണ്
പ്രതിഷേധമുയര്‍ന്നത്.ഇതേത്തുടർന്ന് പ്രാര്‍ഥനക്കെത്തുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്ന വിശദീകരണവുമായി ഷാഹി ഇമാം അഹമ്മദ് ബുഖാരി രംഗത്തെത്തി.

 

ചില പ്രത്യേക 'സംഭവങ്ങളുടെ' പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മസ്ജിദിന്റെ ഭരണസമിതി മുതിര്‍ന്നതെന്ന് ഇമാം വ്യക്തമാക്കി.ആരാധനയ്ക്കുള്ള സ്ഥലമാണ് മസ്ജിദെന്നും എന്നാല്‍ പ്രാര്‍ഥനക്കുപരിയായ കാര്യങ്ങള്‍ക്കായി പെണ്‍കുട്ടികളും സ്ത്രീകളും എത്തുന്നത് അനുവദിക്കാനാവില്ലെന്നും അതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും ഇമാം വിശദീകരിച്ചു.ആരാധനക്കായി എത്തുന്നവര്‍ക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല.

 

എന്നാൽ ഇന്ന് പ്രാര്‍ഥനക്കായി ഇവിടെയെത്തിയ യുവതികളുടെ സംഘത്തിന് പ്രവേശനം അനുവദിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.സ്ത്രീകളുടെ അവകാശത്തിന് എതിരാണ് മസ്ജിദിന്റെ നടപടിയെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ പറഞ്ഞു.വിഷയത്തില്‍ ഇമാമിന് നോട്ടീസയക്കുമെന്നും അവര്‍ വ്യക്തമാക്കി.

OTHER SECTIONS