മഹാരാഷ്ട്ര; ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത് 40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

By online desk.02 12 2019

imran-azhar

 

ബെംഗളൂരു: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ദേവേന്ദ്ര ഫഡ്നവിസിനെ തിരക്കിട്ട് മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

രണ്ടം ഊഴത്തില്‍ 80 മണിക്കൂറോളമാണ് ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് കേന്ദ്രത്തിന് തിരികെ കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാര്‍ പറഞ്ഞു.

 

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഫഡ്നവിസ് തിരക്കിട്ട് സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ രാജിവെയ്ക്കുകയായിരുന്നു. പിന്നീടാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

 

അതേസമയം, അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവനയെ നിഷേധിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്നവിസ് പ്രതികരിച്ചു.

 



 

OTHER SECTIONS