ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു

By online desk .08 11 2019

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു. ബി.ജെ.പി ആര്‍എസ്എസിനെ രംഗത്തിറക്കി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ ബി.ജെ.പി, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം അല്ലാതെ മറ്റൊരു ഒത്ത് തീര്‍പ്പിനുമില്ലെന്ന നിലപാട് ശിവസേന ശക്തമാക്കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ ബി.ജെ.പി. നേതൃത്വം പ്രതിസന്ധിയിലായി. ഇതിനിടെ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരദ് പവാറി പവാറിന്റെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.


രാജിപ്രഖ്യാപിച്ച ശേഷം ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്‌നവിസ് തന്റെ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ വിശദമാക്കി. ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ശിവസേനയുടെ അവകാശവാദങ്ങള്‍ തള്ളി. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെയുമായി പല തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്ദവ് താക്കറെ ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ല. പല തവണ ഫോണില്‍ വിളിച്ചു നേരിട്ട് കാണാന്‍ ശ്രമിച്ചു. എന്നാല്‍ ഉദ്ദവിന്റെ നിലപാട് അനുകൂലമല്ലായിരുന്നു. ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന ചര്‍ച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണ്. ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് വരെയാണ് ദേവേന്ദ്ര ഫഡ്നവിസിന് മുഖ്യമന്ത്രിയായി തുടരാനാകുക. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഫഡ്‌നാവിസിനോട് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നവിസും ബിജെപി മന്ത്രിമാരും ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ടാണ് രാജിക്കാര്യം അറിയിച്ചത്. ഉദ്ധവ് താക്കറെ കള്ളം പറഞ്ഞെന്ന ഫഡ്‌നാവിസിന്റെ പ്രസ്താവനക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തി. കള്ളം പറയുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താക്കറെ വ്യക്തമാക്കി.


ഞാന്‍ കള്ളം പറഞ്ഞെന്നാണ് ഫഡ്‌നാവിസ് ആരോപിക്കുന്നത്. ഞങ്ങള്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. അമിത് ഷായും ഫഡ്‌നാവിസും എന്നെ കാണാനാണ് വന്നത്. ഞാന്‍ അവരെ പോയി കണ്ടിട്ടില്ല. സ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമെന്ന ആവശ്യം അമിത് ഷാ അംഗീകരിച്ചിരുന്നു. റൊട്ടേഷന്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും അമിത് ഷാ സമ്മതിച്ചതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയിലേതിന് സമാനമായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഞാന്‍ വെല്ലുവിളിക്കുന്നു. അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ വഴി നോക്കും. മുഖ്യമന്ത്രി പദത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അത് ഞാന്‍ എന്റെ പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാക്കാണെന്നും ഉദ്ധവ് വ്യക്തമാക്കി.

 

OTHER SECTIONS