ഈ സബ്കളക്ടര്‍ പൊളിയാണ് ബ്രോ

By online desk.29 01 2020

imran-azhar

 

അടിമാലി: ഈ സബ്കളക്ടര്‍ പൊളിയാണ് ബ്രോ...! തങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത ദേവികുളം സബ് കളക്ടറെക്കുറിച്ച് മൂന്നാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതാണിത്.റിപ്പബ്ലിക്ദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സബ് കളക്ടര്‍ എസ്.പ്രേം കൃഷ്ണനോട് ഒരു കുരുന്നിന്റെ ചോദ്യം 'സര്‍ കളക്ടറല്ലേ എനിക്കൊരു ഐസ്‌ക്രീം വാങ്ങിത്തരുമോ? ചെറുചിരിയോടെ കുട്ടിയെ അടുത്ത് വിളിച്ച് കുശലം ചോദിച്ച സബ്കളക്ടര്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഒരു ഐസ് ക്രീം വാങ്ങി നല്‍കി.ഇതോടെ മറ്റ് കുട്ടികള്‍ക്കും ഐസ്‌ക്രീം വേണമെന്നായി തുടര്‍ന്ന് എല്ലാവര്‍ക്കും സബ്കളക്ടര്‍ ഐസ്‌ക്രീം വാങ്ങി നല്‍കി.

 

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലായിരുന്നു കുട്ടികള്‍ക്ക് ഐസ്‌ക്രീം നല്‍കിയുള്ള സബ്കളക്ടറുടെ സ്‌നേഹ പ്രകടനം . കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കിയ കാര്യം സന്തോഷത്തോടെ ഫെയ്‌സ് ബുക്ക് പേജില്‍ ചിത്രങ്ങള്‍ സഹിതം സബ്കളക്ടര്‍ പങ്കു വച്ചിട്ടുണ്ട്.

 

'ചോദിച്ച ആള്‍ക്ക് വാങ്ങിക്കൊടുത്തപ്പോള്‍ പിന്നെ കൂടെ നിന്ന എല്ലാര്‍ക്കും വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാര്‍ക്കും ഓരോ ഐസ്‌ക്രീം വാങ്ങി നല്‍കി. പിള്ളേരും ഹാപ്പി ഐസ്‌ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി!'. ഒരാഴ്ച മുമ്പ് ഫീസടയ്ക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സബ് കളക്ടര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തി പണം കണ്ടെത്തി നല്‍കിയിരുന്നു.

 

എന്‍ജിനീയറിംഗിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശി വിദ്യാര്‍ത്ഥിയുടെ പിതാവ് നേരിട്ടെത്തി 15000 രൂപ ആവശ്യപ്പെടുകയായിരുന്നു. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ഫീസ് അടക്കുന്നതിനായി 6000 രൂപ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഫോണിലൂടെ സബ്കളക്ടറെ വിളിച്ചിരുന്നു. ഇരുവര്‍ക്കും പണം സ്വരൂപിച്ച് നല്‍കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS