വാഹന പരിശോധന: പിന്തുടര്‍ന്ന് പിടികൂടരുതെന്ന് പൊലീസിന് നിര്‍ദേശം

By online desk.21 07 2019

imran-azhar

 

 

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഡിജിപി ലോക് നാഥ് ബെഹ്ര പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തരസന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ് മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഡ്രൈവര്‍മാരെ പുറത്തിറക്കാതെ അവരുടെ അടുത്തുചെന്ന് പരിശോധന നടത്തണം, പരിശോധന വീഡിയോയില്‍ പകര്‍ത്തണം, ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ, അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങള്‍ പിന്തുടരരുത്, രാത്രിയില്‍ വെളിച്ചമുള്ള സ്ഥലങ്ങളില്‍ നിന്നുമാത്രം പരിശോധന നടത്തുക, വാഹനപരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പൊലീസ് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കണം എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി പരാതികള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

 

 

OTHER SECTIONS