നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയില്ല; രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന് നടി

By Anju N P.14 Mar, 2018

imran-azhar

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരെഭിച്ചു. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി.


കേസില്‍ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും അക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക അഭിഭാഷകനും ഹാജരായി.

 

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉള്ളപ്പോള്‍ മറ്റൊരു അഭിഭാഷകര്‍ നടിയ്ക്കായി ഹാജരാകേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ടയാള്‍ക്ക് സ്വന്തമായി അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് നടിക്ക് വേണ്ടി ഹാജരായ വക്കീല്‍ വ്യക്തമാക്കി.

 

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളും മെഡിക്കല്‍ രേഖകളും ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.


ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപിനെ കൂടാതെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ 10 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. പ്രതികളായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഹാജരായില്ല.കേസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് 28 ന് വീണ്ടും ആരംഭിക്കും.

 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പല പ്രമുഖരുടെയും മൊഴികളും ഉണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായുണ്ട്. കൂടാതെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയോടുള്ള ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് കാരണമായി പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

 

ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.