By RK.14 01 2022
കൊച്ചി: നടിയെ ആക്രിമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദിലീപിന്റെ സഹോദരന് പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ മറ്റുള്ളവര്‍. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ദിലീപിനെതിരായ കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്ശന് എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നു സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.