കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ, ഹൈക്കോടതി; ദിലീപിന്റേത് ശാപവാക്കെന്ന് അഭിഭാഷകന്

By Swathi.22 01 2022

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കോടതി.

 

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണിത്. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു.ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള ചൂണ്ടിക്കാട്ടി. കള്ളക്കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാല്‍ മതി. പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍.

 

കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്രകുമാര്‍ പറയുന്നത് പുതിയതായി പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വര്‍ഷം ബാലചന്ദ്രകുമാര്‍ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് ദിലീപിനെതിരായ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

എന്നാല്‍, കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസ്‌ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പോലെ ഇല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

 

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

 

അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

OTHER SECTIONS