വികസ്വര രാഷ്ട്രങ്ങളെന്ന പദവി ഉപയോഗിച്ച് ഇന്ത്യയും ചൈനയും മുതലെടുപ്പ് നടത്തുന്നു; ട്രംപ്

By mathew.14 08 2019

imran-azhar

 

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ഇരുരാജ്യങ്ങളും ആ പദവി ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

'രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) നിന്ന് ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കാന്‍ പാടുള്ളതല്ലെന്നും നിരവധി വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും ഇതേ കാരണത്താല്‍ ഞങ്ങളില്‍ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ലോകവ്യാപാര സംഘടന ഇന്ത്യയെയും ചൈനയെയും ഇപ്പോഴും വികസ്വര രാജ്യങ്ങളായാണ് കാണുന്നത്. പക്ഷെ അവരെല്ലാം വികസിച്ചു കഴിഞ്ഞു. ഇനിയും ഡബ്ല്യുടിഒയെ ഇവര്‍ ദുരുപയോഗം ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുഎസ്സിനെ ഡബ്ല്യുടിഒ നീതിപൂര്‍വ്വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി ചുങ്കം ചുമത്തുന്നതിന് ഇന്ത്യയെ പലപ്പോഴും ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ചുങ്ക രാജാവ് എന്നാണ് ഇതിന് ട്രംപ് ഇന്ത്യയെ ആക്ഷേപിച്ച് പറഞ്ഞതും.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയതിന് നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.

സാമ്പത്തികമായി വലിയ മുന്നേറ്റം കൈവരിച്ച രാജ്യങ്ങള്‍ ചില പഴുതുകളിലൂടെ വേല്‍ഡ് ട്രേഡ് സെന്ററിന്റെ ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുന്നതിനെതിരെ നടപടിയെടുക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ട്രംപ്.

 

OTHER SECTIONS