2020ലെ ജി-7 ഉച്ചകോടിക്ക് ട്രംപിന്റെ സ്വന്തം ഗോല്‍ഫ് ക്ലബ് വേദിയാകും

By mathew.17 10 2019

imran-azhar


വാഷിംഗ്ടണ്‍: 2020ലെ ജി-7 ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വന്തം ഗോള്‍ഫ് ക്ലബ്. ഫ്‌ളോറിഡയിലെ മിയാമിയിലുള്ള 'ട്രംപ് നാഷണല്‍ ഡോറല്‍ ഗോള്‍ഫ് റിസോര്‍ട്ട്' ആണ് ഉച്ചകോടിക്ക് വേദിയാകുന്നത്. കൂടുതല്‍ അനുയോജ്യമെന്ന് കണ്ടാണ് ഉച്ചകോടിക്കായി ഗോള്‍ഫ് ക്ലബ് തെരഞ്ഞെടുത്തത്. ഇതേ തുടര്‍ന്ന് ട്രംപിന് യാതൊരു ലാഭവും ഉണ്ടാകില്ലെന്നും പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് മൈക്ക് മുള്‍വനി അറിയിച്ചു.

അടുത്ത വര്‍ഷം ജൂണ്‍ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ജി-7 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, യുകെ, യുഎസ്, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ട്രംപ് ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.


നേരത്തെ, ജി-7 രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ റഷ്യ ഉള്‍പെടെ എട്ട് രാജ്യങ്ങള്‍ ഉണ്ടായിരുന്നു. റഷ്യയെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചിച്ചതായി മുള്‍വനി അറിയിച്ചു. അടുത്ത ജി-20 ഉച്ചകോടിയിലെ പ്രധാന അജണ്ട കാലാവസ്ഥ വ്യതിയാനമാകില്ല. ആഗോള സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികളെ കേന്ദ്രീകരിച്ചാകും ഉച്ചകോടിയിലെ ചര്‍ച്ചകളെന്നും ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

 

OTHER SECTIONS