തലസ്ഥാന നഗരത്തിന് നെയ്യാറില്‍ നിന്നും കുടിവെള്ളം

By online desk.22 09 2019

imran-azhar

 


തിരുവനന്തപുരം: പേപ്പാറ അണക്കെട്ടിന് പകരമായി നെയ്യാര്‍ ജലവിതരണ പദ്ധതിയില്‍ നിന്നും കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി. ഇതിനായി കേരള വാട്ടര്‍ അതോറിറ്റി ചിക്കാഗോ കസ്ട്രക്ഷന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. ചിക്കാഗോ കസ്ട്രക്ഷന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റവും കുറഞ്ഞ ബിഡ് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസമാണ് ബിഡ് തുറന്നത്. പ്രതിദിനം 120 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം (എംഎല്‍ഡി), നെയ്യാര്‍ ഡാമില്‍ ഫ്‌ളോട്ടിംഗ് പമ്പ് സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന 60 കോടി രൂപയുടെ എസ്റ്റിമേറ്റിനേക്കാള്‍ ആറുശതമാനം കുറവ് തുകയാണ് കമ്പനി മുന്നോട്ടു വച്ചത്.

ഈ മാസം ആദ്യ ആഴ്ച ചേര്‍ന്ന വാട്ടര്‍ അതോറിറ്റി യോഗം ചിക്കാഗോ കസ്ട്രക്ഷന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും 2021 ഫെബ്രുവരിക്കുള്ളില്‍ തീര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമയപരിധി നല്‍കിയിട്ടുണ്ട്. പരമ്പരാഗത പമ്പുകള്‍ ഉപയോഗിച്ച് ജലസംഭരണിയിലെ വെള്ളം വലിച്ചെടുക്കുന്ന മറ്റ് പദ്ധതികളില്‍ നിന്ന വ്യത്യസ്തമായി, നെയ്യാര്‍ പദ്ധതിക്ക് ഫ്‌ളോട്ടിംഗ് പമ്പുകള്‍ ഉപയോഗിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നത് ജലവിതരണത്തെ ബാധിക്കില്ല.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിനും തൊട്ടടുത്തുള്ള നാല് പഞ്ചായത്തുകളായ മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍ശാല, വിളവൂര്‍ക്കല്‍ എന്നിവയ്ക്കും നിശ്ചിത അളവില്‍ വെള്ളം ലഭിക്കും. 2017ല്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ നെയ്യാറില്‍ നിന്നാണ് വെള്ളമെത്തിച്ചത്. അവിടെ നിന്നും വെള്ളം അരുവിക്കരയിലേക്ക് പമ്പ് ചെയ്ത് നഗരത്തിലേക്കെത്തിക്കുകയായിരുന്നു.

 

OTHER SECTIONS