By സൂരജ് സുരേന്ദ്രൻ .26 02 2021
മുംബൈ: ലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നും പോലീസ് ഭീഷണി കുറിപ്പ് കണ്ടെത്തി.
'ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' എന്നാണ് അംബാനിയെയും കുടുംബത്തെയും ലക്ഷ്യം വെച്ചവരുടെ ഭീഷണി. വിജയ സ്റ്റോഴ്സ് എന്ന പലചരക്കു കടയ്ക്കു പുറത്താണു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വാഹനം എത്തുന്നത് സിസിടിവിയില്‍ വ്യക്തമാണെന്ന് കടയുടമയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്നും 20 ജലാറ്റിൻ സ്റ്റിക്കുകളും, ഒന്നിലധികം നമ്പർ പ്ലേറ്റുകളും കണ്ടെടുത്തു.
അതേസമയം വാഹനത്തിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ നിരവധി അക്ഷരതെറ്റുകൾ ഉള്ളതായും പോലീസ് പറയുന്നു.
അധികം വിദ്യാഭ്യാസമുള്ളയാള്‍ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കില്‍ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകും എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് കമാന്‍ഡോകളും ഡോഗ് സ്ക്വാഡും രംഗത്തെത്തി.
അംബാനിയുടെ വീടുള്‍പ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി.
ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്.