ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍: പൊലീസ് അന്വേഷണം തുടങ്ങി

By Online Desk .19 10 2019

imran-azhar

 

 

തിരുവനന്തപുരം: നഗരത്തില്‍ ആശങ്ക സൃഷ്ടിച്ച് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൊലീസ് പരിശോധന ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ്് ഇത്തരത്തില്‍ ജില്ലയുടെ പലയിടങ്ങളിലും ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു.

 

തുടര്‍ന്ന് നിരവധി ഡ്രോണുകള്‍( ചെറു ആളില്ലാ വിമാനം) പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് പൊലീസിന്റെ അനുമതിയോടു കൂടി വേണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ലക്ഷംകോടിയുടെ സ്വത്തുക്കള്‍ സൂക്ഷിക്കുന്ന ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേക സേനയെ വരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

ഈ പ്രദേശത്ത് എത്തുന്ന ആളുകളെപ്പോലും നിരീക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ളപ്പോഴാണ് അജ്ഞാത ഡ്രോണ്‍ പറന്നിരിക്കുന്നത്. ഇത് സുരക്ഷാ വീഴ്ച തന്നെയെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്ര നടയില്‍ വച്ച് ഒരു ഭക്തന്റെ പേഴ്‌സ് മോഷണം പോയിരുന്നു. പൊലീസിന്റെ നിരീക്ഷണ ക്യാമറയില്‍ ഈ മോഷണശ്രമം കണ്ടെത്താനിയില്ല. എന്നാല്‍, ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ മോഷണം പതിഞ്ഞു. ഇതേതുടര്‍ന്നാണ് കള്ളന്‍മാരെ പൊലീസിന് പിടികൂടാനായത് ഇപ്പോള്‍ ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പറന്നത് അതീവഗൗരവമുള്ള സംഭവമാണെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ കൗതുകത്തിന് പറത്തിയതാണോയെന്നും സംശയമുണ്ട്. എന്നാല്‍, ഡ്രോണ്‍ പറത്തിയ സമയം വച്ചുനോക്കുമ്പോള്‍ കുട്ടികളാകാന്‍ വഴിയില്ലെന്നും കണക്കു കൂട്ടുന്നു. അങ്ങനെയെങ്കില്‍ ക്ഷേത്രത്തിന്റെ ആകാശചിത്രം പകര്‍ത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.

 

OTHER SECTIONS