ബജറ്റ് നേരത്തെയാക്കിയത് ഫണ്ട് ഉറപ്പുവരുത്താന്‍: മോദി

By Shyma Mohan.27 Dec, 2016

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം ഈ വര്‍ഷം നേരത്തെയാക്കുന്നത് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിവിധ മേഖലകള്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നിതി അയോഗ് യോഗത്തില്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ബജറ്റ് സൈക്കിള്‍ മാറ്റുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മാറ്റം വരുത്തുമെന്ന് മോദി പറഞ്ഞു. സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ വിവിധ വകുപ്പുകള്‍ക്ക് ചെലവഴിക്കാനുള്ള പണം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് മോദി പറഞ്ഞു.
    

 

ഫെബ്രുവരി 28നു പകരം ഫെബ്രുവരി 1നായിരിക്കും ബജറ്റ് അവതരണം നടക്കുകയെന്ന് മോദി അറിയിച്ചു. ഈ വര്‍ഷം പ്രത്യേക റെയില്‍വേ ബജറ്റ് നിര്‍ത്തുകയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ഏകോപിപ്പിക്കാനാണ് തീരുമാനമെന്നും മോദി പറഞ്ഞു. യോഗത്തില്‍ സാമ്പത്തിക വിദഗ്ധര്‍ വിവിധ മേഖലയിലെ വിഷയങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായം പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. കൃഷി, തൊഴിലവസരം സൃഷ്ടിക്കല്‍, നികുതി, വിദ്യാഭ്യാസം, ഡിജിറ്റല്‍ ടെക്‌നോളജി, ഭവനം, ടൂറിസം, ബാങ്കിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ച നടന്നു. കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ കമ്പോള പരിഷ്‌കരണവും കാര്‍ഷിക രംഗത്തെ യന്ത്രവത്കരണത്തെയും ചെറു ജലസേചനത്തെയും പ്രോത്സാഹിപ്പിക്കാനായി കോര്‍പ്പസ് ഫണ്ട് സജ്ജമാക്കേണ്ടതിന്റെയും 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കേണ്ടതിനായുള്ള നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നിതി അയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS