കിഴക്കേകോട്ടയിലെ തിരക്ക് നിയന്ത്രിക്കാൻ വരുന്നു മേൽപ്പാലം

By online desk.22 07 2019

imran-azhar

 

കിഴക്കേകോട്ട : കിഴക്കേക്കോട്ടയിൽ ബസ് ഇറങ്ങി, എതിര്‍വശത്തുള്ള ബസ് ബേയിലേക്ക് റോഡ് മുറിച്ചുകടക്കുന്നത് ഒരു ജീവന്മരണ പോരാട്ടമാണ്. ഒരു ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ തെളിയുമ്പോള്‍, മറുഭാഗത്ത് തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളാണ് കണ്ണില്‍പ്പെടുക. ഇതിനിടയിലൂടെ അപ്പുറത്തെത്താന്‍ മെയ്‌വഴക്കവും ധൈര്യവും വേണം. വൃദ്ധരും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

 

തലസ്ഥാന നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് കിഴക്കേകോട്ട. നിരവധി ജീവനുകളാണ് വാഹനാപകടത്തില്‍ പൊലിഞ്ഞത്. കാല്‍നടയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. ഏറെ വാഹനത്തിരക്കുള്ള ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിന് കാല്‍നടയാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സാങ്കേതിക കുരുക്കിലും പുരാവസ്തുവകുപ്പിന്റെ എതിര്‍പ്പിലും അകപ്പെട്ട്, ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. 2.5 കോടിയാണ് നിര്‍മ്മാണ ചെലവ്. കിഴക്കേകോട്ടയുടെ പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ് രൂപകല്പന.കാല്‍നട മേല്‍പ്പാലം മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കി തുറക്കാനാണ് ലക്ഷ്യമിടുന്നത്. സണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണച്ചുമതല. പദ്ധതിയുടെ സാങ്കേതിക മേല്‍നോട്ടം മാത്രമാണ് നഗരസഭയ്ക്കുള്ളത്. കാല്‍നടയാത്രക്കാര്‍ക്ക് മേല്‍പ്പാലമിറങ്ങി സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിന് അടിപ്പാതയും നിര്‍മ്മിക്കും. മേല്‍പ്പാലത്തിന് മൂന്നു കവാടവും രണ്ട് ലിഫ്റ്റും ഉണ്ടാവും.തിരുവനന്തപുരം നഗരസഭ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കാല്‍നടപ്പാതയാണിത്. ആദ്യത്തെ മേല്‍പ്പാലം കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപം പൂര്‍ത്തിയായി തുറന്നുകൊടുത്തു. രണ്ടാമത്തേതിന്റെ പണി പട്ടം സെന്റ് മേരീസിനു സമീപം പുരോഗമിക്കുകയാണ്.

 

 

OTHER SECTIONS