ഗ്രാമങ്ങള്‍ വാങ്ങാന്‍ മടിച്ചു; തുടര്‍ക്കഥയായി മാന്ദ്യം

By online desk.21 10 2019

imran-azhar

 

അഡ്വ. ജി.സുഗുണന്‍

 

ഇന്ത്യന്‍ സമ്പദ് ഘടന കൂപ്പുകുത്തുകയാണെന്ന് വ്യക്തമാക്കി ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര നാണയനിധിയുടേതാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം 6.1% ആയി ഐ.എം.എഫ് വെട്ടിക്കുറച്ചിരിക്കുകയാണ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി) പണമൊഴുക്കില്‍ നേരിടുന്ന പ്രതിസന്ധി വിപണിയിലെ ആവശ്യകതയെ ബാധിച്ചതും മറ്റ് ഘടകങ്ങളുമാണ് വളര്‍ച്ച നിഗമനം കുറയ്ക്കുന്നതിനുള്ള കാരണമായി ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നത്.


കോര്‍പ്പറേറ്റ്, ബിസിനസ് അന്തരീക്ഷം, നിയന്ത്രണ ചട്ടക്കൂടുകള്‍ എന്നിവയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യയിലെ ആവശ്യകതയെ ബാധിക്കുന്നുണ്ടെന്ന് ഐ.എം.എഫ് പുറത്തിറക്കിയ ആഗോള സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിന്റെ ഫലം സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നതിന് കാത്തിരിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ക്ക് ഇന്ത്യ തയ്യാറാവേണ്ടതുണ്ടെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിയമനം, പിരിച്ചുവിടല്‍, ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍, ധനവിപണിയില്‍ പൊതുമേഖലാ ബാങ്കുകളുടെ പങ്ക് വെട്ടിക്കുറയ്ക്കല്‍ എന്നിവയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ബോധപൂര്‍വ്വം മറച്ചു വയ്ക്കാനും സമ്പദ്്ഘടനയ്ക്ക് വെള്ള പൂശാനുമാണ് മോദി സര്‍ക്കാരും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കിണഞ്ഞു പരിശ്രമിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തികവിദഗ്ദ്ധനും മുന്‍ ബി.ജെ.പി നേതാവുമായ പറക്കാല പ്രഭാകര്‍ തന്നെ ഇന്ത്യന്‍ സാമ്പത്തിക നയത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരിന് വലിയൊരു പ്രഹരമാണ്. ഭയാനകമായ തൊഴിലില്ലായ്മയും കടുത്ത പട്ടിണിയും അതിനെ തുടര്‍ന്നുള്ള ഭീകരമായ പട്ടിണി മരണങ്ങളിലേക്കുമാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് 8.1%, ഭൂട്ടാന്‍ 7.4%, നേപ്പാള്‍ 6.5% എന്നിങ്ങനെ വളര്‍ച്ച നേടുമ്പോള്‍ ഇന്ത്യ ആറ് ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച 2020-21ല്‍ 6.9% ഉം 2022ല്‍ 7.2% മായി വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ മേഖലകളിലും വിപണികളില്‍ വന്‍ മാന്ദ്യം പ്രകടമാണ്. യു.എസ്- ചൈന വ്യാപാരതര്‍ക്കം മുതലെടുത്താണ് ബംഗ്ലാദേശിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. ബംഗ്ലാദേശിലെ തുണിവ്യവസായ മേഖല ഈ തര്‍ക്കത്തില്‍ നിന്ന് ഏറെ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. ടൂറിസം മേഖലയിലെ കുതിപ്പ് മൂലം ഉണ്ടായ നിര്‍മ്മാണങ്ങളും ജനങ്ങളുടെ വിനിയോഗശേഷിയിലെ വര്‍ദ്ധനവുമാണ് നേപ്പാളിനെ 6.5% വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത്. ഭൂട്ടാനില്‍ ടൂറിസം വളര്‍ച്ചയും ആഭ്യന്തര ഉപയോഗത്തിലെ വര്‍ദ്ധനവുമാണ് വളര്‍ച്ചയ്ക്ക് കാരണം. മാലദ്വീപില്‍ 5.2%, പാകിസ്ഥാനില്‍ 2.4%, ശ്രീലങ്കയില്‍ 2.7% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്. സര്‍ക്കാര്‍ സാമ്പത്തിക നയത്തിലും സാമ്പത്തിക മുരടിപ്പിലും അതൃപ്തി പ്രകടിപ്പിച്ച റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച് നീതിആയോഗ് ഉപാദ്ധ്യക്ഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് വെട്ടിക്കുറച്ച റിസര്‍വ്വ് ബാങ്ക് നടപടി അതിര് കടന്നതാണെന്ന് നീതിആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ പ്രസ്താവിച്ചിട്ടുണ്ട്. മാന്ദ്യം നേരിടുന്നതില്‍ വാണിജ്യ ബാങ്കുകളുടെ ശേഷിയെ ചോദ്യം ചെയ്ത അദ്ദേഹം ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയരുമെന്ന അവകാശവാദം ഉന്നയിച്ചു. എന്നാല്‍ രാജ്യത്തെ ബാങ്കുകളുടെ ശേഷിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മതിപ്പ് പ്രകടിപ്പിച്ചുണ്ട്. പ്രതിസന്ധി രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ഇപ്പോഴും നിശബ്ദതയിലാണ്. തൊഴില്‍ സൃഷിടിക്കുന്നത് സംബദ്ധിച്ച് ദേശീയ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) റിപ്പോര്‍ട്ടിനേക്കാള്‍ വിശ്വസനീയം സി.എം.ഐ.ഇ (സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി) റിപ്പോര്‍ട്ടാണ്. കൃഷി, വാണിജ്യം, ഉല്‍പാദനം, വിദേശ ഇടപാടുകള്‍ എന്നിങ്ങനെ ഓരോ മേഖലയിലും വെവ്വേറെ ബാങ്കുകള്‍ സ്ഥാപിക്കണം. എന്നാല്‍ അടിമുടി സ്വകാര്യവല്‍ക്കരമാണ് വേണ്ടതെന്നാണ് നീതിആയോഗ് ഉപാദ്ധ്യക്ഷന്റെ നിര്‍ദ്ദേശം.


ഗ്രാമീണ തലത്തിലെ വേതന വര്‍ദ്ധന മന്ദഗതിയിലായി. ആഭ്യന്തര ആവശ്യം കുറഞ്ഞതും ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ വായ്പയിലെ ഇടിവും വന്‍ തിരിച്ചടിയായി. ഇന്ത്യന്‍ വാഹന വിപണി കൂപ്പ് കുത്തിയത് ഇതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനം തന്നെയാണ്. മാന്ദ്യം നേരിടാന്‍ നീതികരണമില്ലാതെ കോര്‍പ്പറേറ്റ് നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലും ലോകബാങ്ക് അതിന്റെ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


പുതിയ നയങ്ങള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കണം. സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിതെളിയിച്ച നരസിംഹറാവു- മന്‍മോഹന്‍ സിംഗ് മോഡല്‍ സ്വീകരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് യോജിച്ച ആശയങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ബി.ജെ.പി. വിമുഖത കാട്ടുകയാണ്. സ്വന്തമായി ഒരു സാമ്പത്തിക നയം രൂപപ്പെടുത്തിയിട്ടില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ ഭാരതീയജനസംഘത്തിന്റെ കാലം മുതല്‍ ബി.ജെ.പി നിഷേധിക്കുന്നതാണ്. സ്വതന്ത്ര്യമുതലാളിത്ത സാമ്പത്തിക നയമാണ് തങ്ങളുടേതെന്ന് അലക്ഷ്യമായി പറയാറുണ്ട് എന്നല്ലാതെ എന്താണ് ആ നയമെന്നതിന് ഇനിയും ഒരു രൂപം അവര്‍ക്ക് വന്നിട്ടില്ല. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പ്രധാനമന്ത്രിയുടെ ഓഫീസിനു മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്ന് ആര്‍.ബി.ഐ മുന്‍ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. മോദി സര്‍ക്കാരിന് ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. എന്നാല്‍ വ്യക്തമായ സാമ്പത്തിക വീക്ഷണങ്ങളില്ല. മേല്‍തട്ടില്‍ സാമ്പത്തിക വീക്ഷണം സംബന്ധിച്ച വ്യക്തമായ ധാരണ ഇല്ലാത്തത് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. വായ്പകളുമായി ബന്ധപ്പെട്ട നയങ്ങള്‍ സ്വീകരിക്കുന്നതില്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്യം നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതിന് ഉദാഹരണമാണ് മുദ്ര വായ്പകള്‍ നല്‍കുന്നതിന്റെ ടാര്‍ജറ്റുകള്‍ സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. ഇപ്പോള്‍ ലോണ്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇത് ഗുരുതരമായ സാമ്പത്തിക ബാധ്യതകളാകും ബാങ്കിംഗ് മേഖലയില്‍ സൃഷിടക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകളെ വ്യംഗ്യമായി പരിഹസിച്ചുകൊണ്ട് രഘുറാം രാജന്‍ പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വളര്‍ച്ചാനിരക്ക് കൂപ്പ് കുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.9% ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 7.5% വളര്‍ച്ച് നേടുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വളര്‍ച്ച 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5% ആയി . ജൂലായ്-സെപ്തംബറില്‍ വളര്‍ച്ച 5.3% ആയിരിക്കുമെന്നാണ് റിസര്‍വ്വേ ബാങ്ക് നിഗമനം. സാമ്പത്തിക മാന്ദ്യം വളരെ ശക്തമായി ബാധിക്കുമെന്ന് ഐ.എം. എഫിന്റെ മേധാവി ക്രിസ്റ്റലീന ജോര്‍ജ്ജീവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച 5% ആയി ഇടിയുമെന്ന് അന്താരാഷ്ട്ര ധനകാര്യ നിരീക്ഷണ ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്്്. നോട്ട് നിരോധനത്തെ തുടര്‍ന്ന് നേരത്തേ തന്നേ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ബഹുഭൂരിക്ഷവും പ്രതിസന്ധിയില്‍ അകപ്പെടുകയോ പൂട്ടപ്പെടുകയോ ചെയ്യുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഓട്ടോ മൊബൈല്‍ മേഖല അടക്കമുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങളും വന്‍പ്രതിസന്ധിയിലായിരിക്കുകയാണ്.


ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ കൊണ്ടൊന്നും ഈ തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞിരിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നിലവിലുണ്ടായിരുന്ന വരുമാനമെങ്കിലും ലഭ്യമാക്കുന്നതിനുള്ള സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ആ നിലയിലുള്ള ഒരു പ്രവര്‍ത്തനവും മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതേയില്ല. ധനമന്ത്രിയുടെ ഉത്തേജക പാക്കേജുകള്‍ വന്‍കിട കുത്തകകളെ മാത്രം സഹായിക്കുന്നതാണ്. രാജ്യത്തെ ജനങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. വരവ് കുറഞ്ഞതിനാല്‍ അവര്‍ ചെലവ് കുറച്ചു. ജനങ്ങളുടെ ഉപഭോഗചെലവ് സംബന്ധിച്ച ഔദ്യോഗിക സര്‍വ്വേയിലെ വിവരം സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ദേശീയ സമ്പത്തിക സര്‍വ്വേ ഓര്‍ഗനൈസേഷന്റെ സര്‍വ്വേ പ്രകാരം രാജ്യത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉപഭോഗം ഗണ്യമായി കുറഞ്ഞു.


ഗ്രാമീണര്‍ 2014-15 ല്‍ ആളോഹരി പ്രതിമാസം 1578 രൂപ ചെലവാക്കിയ സ്ഥാനത്ത് 2017-18 ല്‍ ചെലവാക്കിയത് 1524 രൂപ മാത്രം. നഗരങ്ങളിലിത് 2926 രൂപയില്‍ നിന്ന് 2909 ആയി കുറഞ്ഞു. ജനങ്ങളുടെ വരുമാനം കൂടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍.എസ്.എസ്.ഒ നടത്തിയ സര്‍വ്വേ കാണിക്കുന്നു. പകരം ചെലവാക്കിയ തുക കുറഞ്ഞു. ഇതേ കാലയളവില്‍ സമ്പാദ്യശീലവും കുറഞ്ഞെന്നാണ് മറ്റ് കണക്കുകള്‍ കാണിക്കുന്നത്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ശക്തമാക്കി ഗ്രാമീണ മേഖലകളുടെ ഉപഭോഗ വളര്‍ച്ച ജൂലയ്-സെപ്തംബറില്‍ 7 വര്‍ഷത്തെ താഴ്ചയിലേയ്ക്ക് ഇടിഞ്ഞു. പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളുടെ എഫ്.എം.സി.ജി ഗ്രാമീണ ഉപഭോഗം നഗരങ്ങളെക്കാള്‍ വളരെ കുറയുന്നത് ആദ്യമായാണ്. ഫാസ്റ്റ്് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ഉപഭോഗത്തിന്റെ 36% സംഭാവന ചെയ്യുന്നത് ഗ്രാമീണ മേഖലയാണ്. കാലങ്ങളായി ഗ്രാമീണ മേഖലയാണ് നഗരങ്ങളെക്കാള്‍ 3 മുതല്‍ 5 വരെ ശതമാനം അധിക വളര്‍ച്ചയുമായി എഫ്.എം.സി.ജി ഉപഭോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. കാര്‍ഷിക വരുമാനത്തിലുണ്ടായ ഇടിവാണ് പ്രധാനമായും എഫ്.എം.സി.ജി വരുമാനത്തെ ബാധിച്ചതെന്ന് നില്‍സണ്‍ ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന് സത്വര പരിഹാരം കാണുന്ന കാര്യത്തില്‍ പോലും ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഭരണനേതൃത്വത്തിലുള്ളത്. ജനങ്ങള്‍ സാമ്പത്തിക മേഖലയിലെ ഗുരുതരമായ സ്ഥിതിവിശേഷം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരില്‍ നിന്ന് മുഖം തിരിഞ്ഞ് നില്‍ക്കാനും വന്‍കിട കുത്തക ഭീമന്മാര്‍ക്ക് ഇതിനിടയിലും വന്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കാനുമാണ് ഭരണകൂടം തയ്യാറായിട്ടുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തിരുത്തിക്കുറിക്കാന്‍ വേണ്ടി ഏറ്റവും വിപുലമായ ജനകീയ ഐക്യം അനിവാര്യമായിരിക്കുകയാണ്.

 

OTHER SECTIONS