സാമ്പത്തിക വളര്‍ച്ച; ഇന്ത്യയില്‍ ആറ് ശതമാനമായി ഇടിയുമെന്ന് ലോക ബാങ്ക്

By mathew.13 10 2019

imran-azhar

 

വാഷിങ്ടണ്‍: സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ ഈ വര്‍ഷം ആറ് ശതമാനമായി ഇടിയുമെന്ന് വ്യക്തമാക്കി ലോകബാങ്ക്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.9 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിട്ടുള്ളത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടേതിനെക്കാള്‍ കുറവായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 7.5 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ സമ്മര്‍ദവും നഗരമേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ വര്‍ധിച്ചതും സ്ഥിതി വഷളാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ദുര്‍ബലമായ സാമ്പത്തികമേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ വളര്‍ച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേര്‍ന്നുള്ള വാര്‍ഷിക സമ്മേളത്തിന് മുന്നോടിയായാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അവര്‍ കുറവ് വരുത്തുന്നത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

ഗ്രാമീണ മേഖലകളിലെ വരുമാനക്കുറവ്, ആഭ്യന്തര വിപണിയിലെ ആവശ്യം കുറഞ്ഞത്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങള്‍ ഉപഭോഗം കുറവായി തന്നെ തുടരുന്നതിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

OTHER SECTIONS