ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: രണ്ട് സിപിഎമ്മുകാര്‍ പിടിയില്‍

By Online Desk .22 09 2019

imran-azhar

 

 

കോഴിക്കോട്: എലത്തൂരില്‍ സിഐടിയു ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ ഓട്ടോഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ഖദ്ദാസി, ഏലത്തൂര്‍ സ്വദേശി മുരളി എന്നിവരാണ് പിടിയിലായത്. വധശ്രമം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.


അതിനിടെ, മരിച്ച രാജേഷിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് 50 മീറ്റര്‍ അകലെ തടഞ്ഞു. തുടര്‍ന്നാണ് ഉപരോധം തുടങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് കലക്ടറോ കമ്മിഷണറോ ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.


സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. സിപിഎം പ്രാദേശിക നേതാക്കളായ ഒ.കെ.ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ് അറസ്റ്റിലായത്. 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന രാജേഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.


രാജേഷ് വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരായ സിഐടിയു പ്രവര്‍ത്തകരുടെ നിലപാട്. രാജേഷിന്റെ ഓട്ടോ ഒരു സ്റ്റാന്‍ഡിലും ഓടാന്‍ അനുവദിക്കാത്ത നിലപാടാണ് സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ മനോവിഷമം കാരണമാണ് രാജേഷ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അതിനിടെ രാജേഷിന് മര്‍ദ്ദനവുമേറ്റിരുന്നു. കേസില്‍ പത്ത് സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

OTHER SECTIONS