By സൂരജ് സുരേന്ദ്രൻ .26 02 2021
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക.
എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്തിയാകും തിരഞ്ഞെടുപ്പ് നടത്തുക. ആരോഗ്യ രംഗത്തെ പ്രതിസന്ധി തുടരുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകൾ ഒരുക്കും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും, അംഗപരിമിതർക്കും തപാൽ ബാലറ്റ് സൗകര്യം തുടരും.
ഓൺലൈനായും പത്രിക സമർപ്പിക്കാം. ഗൃഹസന്ദർശന സംഘത്തിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമർപ്പണത്തിന് രണ്ട് പേർ മാത്രം. എല്ലാ പോളിംഗ് ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സജ്ജീകരിക്കും.
വാഹനറാലിക്ക് അഞ്ച് വാഹങ്ങൾ മാത്രം അനുവദിക്കും. വിരമിച്ച ഉദ്യോഗസ്ഥർ നിരീക്ഷകരാകും. പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തിൽ നിയമിച്ചു. സ്ഥാനാർത്ഥികൾ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം.
കേരളത്തിലെ 140 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.
18 കോടി 86 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.