മാതൃക പെരുമാറ്റ ചട്ട ലംഘനം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

By sisira.06 03 2021

imran-azhar

 

ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്‍കിയത്.

 

പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന കമ്മീഷന്റെ വിലയിരുത്തലിലാണിത്.

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനാണ് പരാതി നല്‍കിയിരുന്നത്.

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി. പരാതിയെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

 

വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയ വിശദീകരണം.

OTHER SECTIONS