തിരുവനന്തപുരത്ത് എല്‍.ഡി.എഫ് വിജയിക്കുമെന്ന് സര്‍വ്വേ

By online desk.20 04 2019

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രമുഖ ഗവേഷണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് (ഐഎംഡിആര്‍) സര്‍വ്വേ. 34.8 ശതമാനം വോട്ടുകള്‍ നേടി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 32.3 ശതമാനവും യുഡിഎഫിന് 31.0 ശതമാനം വോട്ടും ലഭിക്കും. 1.9 ശതമാനം പേര്‍ പ്രതികരിച്ചില്ല.

 


തിരുവനന്തപുരം :  ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തില്‍ 1400 വോട്ടര്‍മാരില്‍നിന്നുമാണ് സര്‍വേക്കായി വിവരം ശേഖരിച്ചതെന്ന് ഐഎംഡിആര്‍ ചെയര്‍മാന്‍ ഡോ. കെ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഇതില്‍ 1200 പേരില്‍ നിന്ന് പൂര്‍ണ്ണമായ പ്രതികരണം ലഭിച്ചു. ഇതിനെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ. 80.7 ശതമാനം പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമെന്ന് വിലയിരുത്തി. 77.1 ശതമാനം പേരും ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നില്ല. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നിലവിലുള്ള എംപിയുടെ പ്രവര്‍ത്തനം മോശമാണെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം.

 


വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍–62.4 ശതമാനവും ഹൈക്കോടതി ബഞ്ച് ആവശ്യപ്പെടല്‍–60.07, ഓഖി ദുരിതാശ്വാസം–56.8 ശതമാനം വോട്ടര്‍മാരും എംപിയുടെ ഇടപെടല്‍ മോശമെന്ന് വിലയിരുത്തി. എംപിയുടെ പൊതുവിലുള്ള പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ 33.3 ശതമാനം പേരും മോശമെന്നും 36.5 ശതമാനം പേര്‍ ശരാശരിയെന്നും രേഖപ്പെടുത്തി.

 


സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്നാണ് വോട്ടര്‍മാരുടെ പ്രതികരണം. വികസന പ്രവര്‍ത്തനങ്ങളില്‍–50.8, സാമൂഹ്യക്ഷേമം–54.5, ആരോഗ്യം–56.1, പൊതുവിദ്യാഭ്യാസം–60.0 ശതമാനം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

 


ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 29.6 ശതമാനം രാഷ്ര്ടീയവും 23.8 ശതമാനം പേര്‍ സ്ഥാനാര്‍ഥിയും വോട്ടിനെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി. മതസൗഹാര്‍ദം വേണമെന്ന് 87.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പൂര്‍ണമായി അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 58.8 ശതമാനം പുരുഷന്മാരും 41.2 ശതമാനം സ്ത്രീകളുമാണ്. 22–39 പ്രായത്തിലുള്ളവരാണ് ഇതില്‍ കൂടുതലും–37.8 ശതമാനം. ഐഎംഡിആര്‍ സെക്രട്ടറി ഡോ. ബി ഹരികുമാര്‍, ഡോ. പി മോഹനചന്ദ്രന്‍നായര്‍, തോമസ,് ഫ്രാങ്കോ, ഡോ. സജാദ് ഇബ്രാഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

OTHER SECTIONS