വൈദ്യുതിയും വെള്ളവും മിച്ചം വരുമാനനഷ്ടം ബാക്കി

By online desk .27 03 2020

imran-azhar

തിരുവനന്തപുരം: വേനലില്‍ വൈദ്യുതിക്കും വെള്ളത്തിനും ആവശ്യം വര്‍ദ്ധിച്ചെങ്കിലും ഇവ രണ്ടിന്റെയും ഉപയോഗം ഗണ്യമായി കുറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിനായി രാജ്യ മൊട്ടാകെ ലോക്ക് ഡൗണിലായതോടെ കേരളത്തില്‍ വൈദ്യുതിയുടെ പ്രതിദിന ഉപയോഗം 85 ദശലക്ഷം യൂണിറ്റില്‍ നിന്ന് 65 ദശലക്ഷമായി കുറഞ്ഞു. ഇത് വലിയ ആശ്വാസമാണെങ്കിലും വരുമാനനഷ്ടം കെഎസ്ഇബിക്ക് വലിയ ആഘാതമാകും. തിരുവനന്തപുരത്ത് മാത്രം ജല അതോറിറ്റി 300 എംഎല്‍ഡി വെള്ളം നിത്യേന പമ്പ് ചെയ്യുന്നുണ്ടെങ്കിലും ഉപയോഗം 40 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

 


ഓഫീസുകളും സ്ഥാപനങ്ങളും അടയ്ക്കുകയും അവശ്യ സര്‍വീസുകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കുകയും വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. സാധാരണ വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം ഇരട്ടിയിലധികം വര്‍ദ്ധിക്കാറുണ്ട്. അത് മൂലം നിയന്ത്രണങ്ങളും പതിവായിരുന്നു. ഇത്തവണ നിയന്ത്രണങ്ങള്‍ വേണ്ടി വരില്ലെന്നാണ് കണക്ക് കൂട്ടല്‍.
വൈദ്യുതി ഉപയോഗം കുറഞ്ഞതിനൊപ്പം കെഎസ്ഇബിയുടെ വരുമാനവും കുറഞ്ഞു. ആരും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ മീറ്റര്‍ റീഡിംഗും നിര്‍ത്തി. ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും ഉപഭോക്താക്കള്‍ പണമടയ്ക്കുന്നില്ല.ഇതാണ് വരുമാനനഷ്ടത്തിന് കാരണം. ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ, കൂടംകുളം, എന്‍ഡിപിസി എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറച്ചെങ്കിലും അവര്‍ക്ക് പണം നല്‍കേണ്ടതുണ്ട്. ലോണോ, ഓവര്‍ ഡ്രാഫ്‌റ്റോ എടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.

 


വാട്ടര്‍ അതോറിറ്റിക്കും ഇതേ അവസ്ഥയാണ്. വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞെങ്കിലും വരുമാനം നിലച്ചു. ഭൂരിഭാഗം പേരും ബില്ലടയ്ക്കുന്നില്ല. വന്‍ തുക കുടിശികയുള്ള സ്ഥാപനങ്ങളുമുണ്ട്. സാധാരണ വേനല്‍ക്കാലം വാട്ടര്‍ അതോറിറ്റിക്ക് തീരാ തലവേദനയാണ്.എന്നാലിക്കുറി ഇതുവരെ അങ്ങനെയൊരു പ്രതിസന്ധിയുണ്ടായില്ല. ഇപ്പോള്‍ ഉപയോഗം കുറഞ്ഞെങ്കിലും പ്രദിദിനം പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. വരുമാനനഷ്ടം എത്രയെന്ന് ഇപ്പോള്‍ കണക്കാക്കാനാകില്ലെന്നും വാട്ടര്‍ അതോറിറ്റി എപ്പോഴും പൊതുജന സേവന സ്ഥാപനമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

OTHER SECTIONS