പട്ടിണി കിടന്ന് അവശയായ ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ച സംഭവം; മൃഗസ്‌നേഹികളെ കണ്ണീരിലാഴ്ത്തി ടിക്കിരി ചെരിഞ്ഞു

By mathew.18 08 2019

imran-azhar

 

ക്ഷീണിച്ച് വലഞ്ഞ തിക്കിരി എന്ന പിടിയാനയെ ഘോഷയാത്രയ്ക്ക് എഴുന്നള്ളിച്ച വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പിലാണ് തിക്കിരി ലോക ശ്രദ്ധ നേടുന്നത്.

70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതോടെ ബുധനാഴ്ച നടന്ന അവസാന ഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, ലോകമെമ്പാടുമുള്ള മൃഗസ്നേഹികളേയും കണ്ണീരിലാഴ്ത്തി തിക്കിരി ഈ ലോകത്തോടു വിട പറഞ്ഞിരിക്കുകയാണ്.

ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്കുവെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകമറിയുന്നത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ആന.

അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധിയാളുകള്‍ ടിക്കിരിയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

OTHER SECTIONS