ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഒരു മാസത്തേക്ക് കൂടി നീട്ടി

By mathew.23 06 2019

imran-azhar


കൊളംബോ: ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. സംശയം തോന്നുന്നവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം സൈന്യത്തിനും പോലീസിനും തുടര്‍ന്നും ലഭിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ജൂണ്‍ 22ഓടെ അടിയന്തരാവസ്ഥ പിന്‍വലിക്കാനാവുമെന്ന് വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി ചുവടു മാറുകയായിരുന്നു. 99 ശതമാനം സുരക്ഷ രാജ്യത്ത് ഉറപ്പാക്കിയതിന് ശേഷം മാത്രമേ അടിയന്തരാവസ്ഥ പിന്‍വലിക്കൂവെന്ന് മേയില്‍ സിരിസേന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.


നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന അടിയന്തരാവസ്ഥയുടെ കാലാവധി 22നു തീരാനിരിക്കെയാണു പുതിയ പ്രഖ്യാപനം. പാര്‍ലമെന്റില്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 42 വിദേശികള്‍ ഉള്‍പ്പെടെ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.


രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത മൈത്രിപാല സിരിസേന തള്ളിക്കളഞ്ഞിട്ടുണ്ട്. ബോംബാക്രമണവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പേരെയും പിടികൂടിക്കഴിഞ്ഞതായും ബാക്കിയുള്ള ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ നീട്ടിയതെന്നും സിരിസേന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്നും സിരിസേന വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

 

 

OTHER SECTIONS