നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ച് കോവിഡിനെ സാധാരണ വൈറല്‍ പനിയായി കാണാന്‍ ഇംഗ്ലണ്ട്

By Avani Chandra.21 01 2022

imran-azhar

 

ലണ്ടന്‍: നിയന്ത്രണങ്ങളും മുന്‍കരുതലുകളും എല്ലാം പിന്‍വലിച്ച് കോവിഡിനെ വെറും സാധാരണ വൈറല്‍ പനിയായി കാണാനുള്ള നീക്കത്തില്‍ ഇംഗ്ലണ്ട്. ദിവസേന ഒരു ലക്ഷത്തിലേറെ ആളുകള്‍ രോഗികളാകുന്ന സ്ഥിതി നിലനില്‍ക്കുമ്പോഴും വാക്‌സീന്‍ നല്‍കുന്ന പ്രതിരോധത്തിന്റെ കരുത്തില്‍ നിയന്ത്രണങ്ങള്‍ എല്ലാം ഓരോന്നായി പിന്‍വലിക്കുകയാണ് ഇംഗ്ലണ്ടില്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്.

 

കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇനി നിലവിലുണ്ടാകില്ല. ഇതു സംബന്ധിച്ച മാര്‍ഗരേഖകള്‍ ഇന്ന് അവസാനിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാളെ മുതല്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാസ്‌കും നിര്‍ബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്‌ക് നിര്‍ബന്ധമല്ല.

 

നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാന്‍ കോവിഡ് പാസ് വേണമെന്ന നിര്‍ബന്ധനയും പിന്‍വലിച്ചു. രണ്ടു മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്ന ഇംഗ്ലണ്ടില്‍ പുതിയ ഇളവുകള്‍ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതല്‍ ജനജീവിതം പൂര്‍ണമായും സാധാരണ നിലയിലാകും.

 

രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങള്‍ ഒമിക്രോണിനെ ഭയക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കില്‍ സാരമായ കുറവ് രേഖപ്പെടുത്തിയതും സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ കരുത്തായി. ഇംഗ്ലണ്ടില്‍ ഇരുപതില്‍ ഒരാള്‍ക്കു മാത്രമാണ് ഇപ്പോള്‍ കോവിഡ് രോഗമുള്ളത്.

 

ഇംഗ്ലണ്ടില്‍ നിയന്ത്രണങ്ങള്‍ നീങ്ങുമെങ്കിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലുമെല്ലാം പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനം അനുസരിച്ചാകും കോവിഡ് നിയന്ത്രണങ്ങള്‍.

 

രോഗികളാകുന്നവര്‍ക്കുള്ള ഐസലേഷന്‍ നിയമങ്ങളില്‍ നിലവില്‍ മാറ്റമില്ല. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍. കോവിഡ് രോഗികളാകുന്നവര്‍ നിര്‍ബന്ധമായും ഐസലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപദേശമോ ഗൈഡന്‍സോ ആക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

കോവിഡിന്റെ നാലാം തരംഗം ഉണ്ടായ സാഹചര്യത്തില്‍ പ്ലാന്‍ ബി എന്ന നിലയിലാണ് മാസ്‌ക് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. ഒമിക്രോണ്‍ തരംഗം അതിശക്തമായിരുന്ന കാലം കഴിഞ്ഞുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും ഇവ ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുപോലെ എന്‍എച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വേണമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ പാസ് നിര്‍ബന്ധമാക്കാനും അവകാശമുണ്ട്.

 

വിദേശയാത്രകള്‍ക്കും ഹോം വിസിറ്റിനും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ വരുദിവസങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

 

ചുരുക്കിപ്പറഞ്ഞാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ കോവിഡിനെ വെറുമൊരു വൈറല്‍പനിയായി മാത്രം കണക്കാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

 

OTHER SECTIONS