അനാക്കോണ്ടകള്‍ തുടര്‍ച്ചയായി ചാകാന്‍ കാരണം എന്റമീബ; മനുഷ്യരിലേക്ക് പടരാനും സാധ്യത (കലാകൗമുദി എക്സ്ക്ലൂസിവ്)

By A.S. Ajaydev.22 11 2019

imran-azhar

 

തിരുവനന്തപുരം : അനാക്കോണ്ടകള്‍ തുടര്‍ച്ചയായി ചാകാന്‍ കാരണം മൃഗശാല അധികൃതരുടെ അനാസ്ഥ. വൃത്തിഹീനമായ ചുറ്റുപാട്, മലിനജലം എന്നിവയില്‍ നിന്ന് പടരുന്ന എന്റമീബ (എന്റമീബ ഹിസ്റ്റോലിറ്റിക്ക) എന്ന അതിസൂക്ഷ്മ ഏകകോശ ജീവി (പ്രോട്ടോസോവന്‍) മൂലം കുടലിനെ ബാധിക്കുന്ന രോഗം പിടിപെട്ടതാണ് അനാക്കോണ്ടകള്‍ ചത്തതെന്നാണ് കണ്ടെത്തല്‍.

 

ചത്ത പാമ്പുകളെ പോസ്റ്റുമോര്‍ട്ടം നടത്തി രോഗം കണ്ടെത്തിയെന്ന് മേനി നടിക്കുമ്പോഴും രോഗം വരാനുണ്ടായ മൃഗശാലയിലെ സാഹചര്യത്തെ കുറിച്ച് ഉത്തരം മുട്ടി നില്‍ക്കുകയാണ് അധികൃതര്‍. അനാക്കോണ്ടകള്‍ ചത്തത് എന്റമീബ രോഗം പിടിപെട്ടാണെന്നതിന് അധികൃതര്‍ക്കും തര്‍ക്കമില്ല. വെള്ളത്തിലൂടെ പകരാന്‍ സാദ്ധ്യതയുള്ള രോഗമായതിനാല്‍ മൃഗശാലയിലെ ഉരഗവര്‍ഗത്തില്‍പ്പെട്ട എല്ലാ ജന്തുക്കളെയും കര്‍ശന നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഏഴ് അനാക്കോണ്ടകളില്‍ നാലെണ്ണമാണ് ഇപ്പോള്‍ രോഗബാധയേറ്റ് ചത്തത്. തുടര്‍ന്ന് പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് സ്റ്റഡീസ് വിശദമായി നടത്തിയ പഠനത്തിലാണ് എന്റമീബ രോഗബാധയെന്ന് സ്ഥിരീകരിച്ചത്. വെള്ളത്തിലൂടെ പകരുന്ന രോഗം ഉരഗവര്‍ഗത്തില്‍പ്പെട്ട ജന്തുക്കളില്‍ മാത്രമേ ഉണ്ടാകൂവെന്നാണ് അധികൃതരുടെ ഭാഷ്യം.എന്നാല്‍, വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിക്കുകയോ, മലിനജലത്തിന്റെ സാന്നിധ്യമോ ഉണ്ടെങ്കില്‍ മനുഷ്യരിലും രോഗം പിടിപെടാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 5നാണ് 7.6 കിലോ ഭാരം ഉണ്ടായിരുന്ന രേണുക എന്ന ആണ്‍ അനാക്കോണ്ട ആദ്യം ചാത്തത്. എന്നാല്‍, ഇതിനെ കൂടെയുണ്ടായിരുന്ന ഏഞ്ചല എന്ന അനാക്കോണ്ട ചുറ്റിവരിഞ്ഞ് കൊന്നു എന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം. പതിനഞ്ചു ദിവസത്തിനു ശേഷം 40 കിലോ ഭാരമുണ്ടായിരുന്ന ഏഞ്ചലയും ചത്തതോടെ അനാക്കണ്ടകള്‍ക്ക് രോഗബാധയേറ്റിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു.തുടര്‍ന്ന് നവംബര്‍ 4ന് ഗംഗയും(14.2 കിലോ), 21ന് അരുന്ധതിയും(18.5 കിലോ) ചത്തതോടെയാണ് രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഇനി മൂന്ന് അനാക്കേണ്ടകള്‍ കൂടിയുണ്ട്. അവയും രോഗബാധയേറ്റ അവസ്ഥയിലാണ്. 2014 ഏപ്രില്‍ 10ന് ശ്രീലങ്കയില്‍ നിന്നെത്തിച്ച അനാക്കോണ്ടകള്‍ കാഴ്ച വസ്തുക്കളായപ്പോള്‍ അന്നുമുതല്‍ മൃഗശാല വകുപ്പ് വാരിക്കൂട്ടിയത് ലക്ഷങ്ങളാണ്. എന്നിട്ടും അവയ്ക്ക് നല്ല ആവാസവ്യവസ്ഥ ഒരുക്കാന്‍ മെനക്കെട്ടില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് അനാക്കോണ്ടകള്‍ കൂട്ടത്തോടെ ചത്തത്.

OTHER SECTIONS