By Priya.23 06 2022
ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി 1.2 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ചു. ഫുജൈറ നഗരത്തിലെ ആദ്യ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുന്ന സകംകം ഏരിയയിലാണ് ഇത്തിഹാദ് റെയിലും സ്പെയിനിലെ സിഎഎഫ് കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഓരോ ട്രെയിനിനും 400ലധികം യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സംവിധാനമുണ്ടായിരിക്കും.ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയും ഉണ്ടായിരിക്കും.വൈവിധ്യമാര്‍ന്ന സീറ്റിംഗ് സെഗ്മെന്റുകളാണ് ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നത്.യാത്രക്കാര്‍ക്ക് വേഗതയേറിയതും കാര്യക്ഷമവും സുരക്ഷിതവും സുഖപ്രദവും ചെലവ് ലാഭിക്കുന്നതുമായ യാത്രാനുഭവം സമ്മാനിക്കുന്ന ട്രെയിനുകള്‍ യുഎഇയിലെ നഗരങ്ങളിലുടനീളമുള്ള ഗതാഗതം സുഗമമാക്കും.
അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി എന്നിവയുള്‍പ്പെടെ അല്‍ സിലയില്‍ നിന്ന് ഫുജൈറയിലേക്ക് യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും പാസഞ്ചര്‍ ട്രെയിന്‍ ബന്ധിപ്പിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതല്‍ അവസാന ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ എമിറേറ്റുകള്‍ക്കും യുഎഇയിലെ നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രകള്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാന്‍ പാസഞ്ചര്‍ സര്‍വീസുകള്‍ യാത്രക്കാരെ അനുവദിക്കും.
മറ്റ് ഗതാഗത മാര്‍ഗങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 30-40 ശതമാനത്തോളം യാത്രാ സമയം കുറയ്ക്കാം.അബുദാബിയില്‍ നിന്ന് ദുബായിലേക്കും ദുബായില്‍ നിന്ന് ഫുജൈറയിലേക്കും യാത്ര ചെയ്യാന്‍ 50 മിനിറ്റ് മാത്രമേ ആവശ്യമായി വരികയുള്ളൂ.70 മിനിറ്റാണ് അബുദാബിയില്‍ നിന്ന് അല്‍ റുവൈസിലേക്കുള്ള യാത്ര ചെയ്യാന്‍ ആവശ്യമായി വരുന്നത്.100 മിനിറ്റാണ് അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് പോകാന്‍ ആവശ്യമായ സമയം.
യുഎഇയുടെ പ്രകൃതി ഭംഗിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഏറ്റവും പുതിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് പാസഞ്ചര്‍ ട്രെയിനുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.തീവണ്ടികള്‍ വിവിധ സൗകര്യങ്ങളും വിനോദവും സുഖപ്രദമായ ഇരിപ്പിടങ്ങളും ഉയര്‍ന്ന സുരക്ഷ, കാര്യക്ഷമത, ഗുണനിലവാരം എന്നിവ നല്‍കും, യാത്രക്കാര്‍ക്ക് അസാധാരണമായ യാത്രകള്‍ ആസ്വദിക്കാന്‍ കഴിയും.
ഭക്ഷണം, പാനീയങ്ങള്‍, വിശാലമായ ലെഗ്റൂം എന്നിവയ്ക്കൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ ട്രെയിനുകളില്‍ സജ്ജീകരിക്കും. ഇതിന് 'നൂതന എയര്‍ കണ്ടീഷനിംഗ് സംവിധാനവും' ഉണ്ടായിരിക്കും. സീറ്റിംഗ് സെഗ്മെന്റുകളില്‍ ഫസ്റ്റ്, ബിസിനസ്, ഇക്കണോമി ക്ലാസുകള്‍ ഉള്‍പ്പെടുന്നു.
അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനും ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കരാറില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണിതെന്നും അദ്ദേഹം പറഞ്ഞു.