മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

By anju.15 05 2019

imran-azhar


ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോണ്‍ റെസിഡന്റ് പാനലില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.


ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ജഡ്ജിയായെത്തുന്നത്. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച 2018 ഡിസംബര്‍ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ജസ്റ്റിസ് ലോകുറിന് ലഭിച്ചിരുന്നു. ഇതില്‍ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്.


ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ താത്പര്യമുണര്‍ത്തുന്ന ക്ഷണമാണിതെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

2005 മുതല്‍ സുപ്രീംകോടതില്‍ മീഡിയേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു പരിചയമുള്ള ആളാണ് താനെന്നും ഇത്തരത്തില്‍ രണ്ടുലക്ഷത്തോളം കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യമാക്കിയിരുന്നതായും മദന്‍ ലോകുര്‍ പറഞ്ഞു. മധ്യസ്ഥം വഹിക്കാനുള്ള തന്റെ കഴിവ് ഫിജിയിലും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തെ ന്യായാധിപന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും അദ്ദേഹം പറയുന്നു.

OTHER SECTIONS