അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

By Anil.19 05 2019

imran-azhar

 

നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശി തേവാരം മുതല്‍ സ്ട്രീറ്റില്‍ ഗണപതി എന്ന് വിളിക്കുന്ന അരുണ്‍കുമാര്‍(24) നെ നെടുങ്കണ്ടം പൊലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ബാലഗ്രാമില്‍ ഇയാളുടെ താമസസ്ഥലത്ത്നിന്നും 500 ന്‍റെ 15 കള്ളനോട്ടുകള്‍ പിടിചെടുത്തു. ഇയാളുടെ കൂട്ടാളി ഗൂഡല്ലൂര്‍ രാജീവ് ഗാന്ധി നഗര്‍ ഭാസ്‌കരന്‍(45) ഓടി രക്ഷപെട്ടു. അരുണ്‍കുമാറിനെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.

 

ഇവർ നൽകിയ 500 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ബാലഗ്രാമിലെ ഓട്ടോഡ്രൈവര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പിലിന്റ നേതൃത്വത്തിലുള്ള പൊലീസ് ഇവരുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയാണുണ്ടായത്. ബാലഗ്രാമിലെ ഒരു പശു ഫാമിൽ ജോലിക്കാരായി എത്തിയ ഇവർ തൂക്കുപാലത്തെ ബീവറേജസ് ഔട്ട്‌ലെറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കള്ളനോട്ട് മാറിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.

 

കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കട്ടപ്പന ഡിവൈഎസ്പി പിപി ഷംസ്, നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. നെടുങ്കണ്ടം എസ്ഐ കെ എ സാബു, പൊലീസ് ഉദ്യോഗസ്ഥരായ റെജിമോന്‍, സന്തോഷ് വര്‍ഗീസ്, റിജോമോന്‍, ഗീതു ഗോപിനാഥ്, സതീഷ്‌കുമാര്‍, ഷാനു എം വാഹിദ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഭാസ്കരനെ കണ്ടെത്താനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.

OTHER SECTIONS