പ്രക്ഷോഭം 2024 മെയ് വരെ തുടരാൻ കര്‍ഷകര്‍ തയാര്‍ - രാകേഷ് ടിക്കായത്ത്

By sisira.17 01 2021

imran-azhar

 


നാഗ്പുര്‍ : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടു പോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

 

കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും നാഗ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടിക്കായത്ത് പറഞ്ഞു.

 

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം, താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ലഭിക്കണം എന്നിവയാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍.

 

കര്‍ഷകര്‍ നടത്തുന്ന ആശയപരമായ വിപ്ലവം പരാജയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം എത്രകാലം തുടര്‍ന്നു കൊണ്ടുപോകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് 2024 മെയ് വരെയെന്ന് ടിക്കായത്ത് മറുപടി നല്‍കിയത്.

 

സമ്പന്ന കര്‍ഷകരാണ് കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജം പകരുന്നത് എന്ന ആരോപണം അദ്ദേഹം തള്ളി. ഗ്രാമവാസികളായ കര്‍ഷകരും വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

 

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഗ്രാമവാസികളായ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുത്ത നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരവും നീണ്ടുപോകും.

 

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമാണ്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ പ്രക്ഷോഭം നടത്തേണ്ടിവന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS