'റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാന്‍'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ അങ്കിതയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം

By priya.25 09 2022

imran-azhar

 

ഡെറാഡൂണ്‍ : ബിജെപി നേതാവിന്റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ റിസപ്ഷനലിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം. അന്വേഷണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്.

 

''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ അവളുടെ മൃതദേഹം സംസ്‌കരിക്കില്ല. മകളെ മര്‍ദ്ദിച്ചുവെന്നും നദിയിലേക്ക് എറിഞ്ഞുവെന്നും വ്യക്തമാക്കുന്ന പ്രൊവിഷണല്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിനായാണ് കാത്തിരിക്കുന്നത്'' - അങ്കിതയുടെ സഹോദരന്‍ അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു.


മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പുല്‍കിത് ആര്യയുടെ റിസോര്‍ട്ട് പൊളിച്ച് നീക്കിയ നടപടിയിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകള്‍ ലഭിക്കേണ്ട റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം.മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനാണ് കേസിലെ പ്രധാന പ്രതി എന്നതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു.

 

കൂടാതെ കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ കേള്‍ക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.കേസില്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്.

 

അച്ഛനെയും മകനെയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.  ഇന്നലെയാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പുല്‍കിതും കൂട്ടാളികളും പൊലീസിന് നല്‍കിയ മൊഴി.


അതേസമയം പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു. റിസോര്‍ട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഡിഐജി പറഞ്ഞു.

 

 

OTHER SECTIONS