റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി, പൊലീസിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

By Maya Devi V..18 01 2021

imran-azhar

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായെത്തി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ പൊലീസിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് പൊലീസിന് തീരുമാനമെടുക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. ആര്‍ക്കൊക്കെ ഡല്‍ഹിയിലേക്ക് കടക്കാം, എത്രപേര്‍ക്ക് കടക്കാം തുടങ്ങിയതെല്ലാം പൊലീസിന് തീരുമാനിക്കാം. കോടതി ഇക്കാര്യത്തില്‍ പ്രധാന അധികാരി അല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


നിര്‍ദ്ദിഷ്ട റാലി റിപ്പബ്ലിക് ദിനാഘോഷത്തിന് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ അത് രാജ്യത്തിന് അപമാനമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പൊലീസ് വഴി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ ആഗോളതലത്തില്‍ അപമാനിക്കാനുള്ളതാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ട്രാക്ടര്‍മാര്‍ച്ചോ, ട്രോളി മാര്‍ച്ചോ വാഹനമാര്‍ച്ചോ എന്ത് തന്നെയായാലും കോടതി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം ഹരിയാന ഡല്‍ഹി അതിര്‍ത്തിയില്‍ മാത്രമാകും ഈ മാസം 26ന് ട്രാക്ടര്‍ റാലി നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ വന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടസപ്പെടുത്തണമെന്ന് ആലോചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.


പുത്തന്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി ഈ മാസം പന്ത്രണ്ടിന് സ്റ്റേ ചെയ്തിരുന്നു. കോടതി നിയോഗിച്ച നാലംഗ സമിതിയുടെ ശുപാര്‍ശകള്‍ വരുന്നത് വരെ നിയമം നടപ്പാക്കരുതെന്നാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാരുമായും ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായും കോടതി നിയോഗിച്ച സമിതി ചര്‍ച്ച നടത്തിയാകും ശുപാര്‍ശകള്‍ സമര്‍പ്പിക്കുക.

OTHER SECTIONS