കയറിലാടുന്ന കര്‍ഷക ജീവിതങ്ങള്‍

By online desk.11 11 2019

imran-azhar

 

 

രാജ്യത്തെ കുറിച്ച് ഒട്ടും ശൂഭകരമല്ലാത്ത ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലോകത്തിലെ തന്നെ കര്‍ഷക ആത്മഹത്യകളുടെ തലസ്ഥാനമായി ഇന്ത്യ മാറുമെന്നാണ് മുന്നറിയിപ്പ്. 1987 ബാച്ചിലെ ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് ഓഫീസര്‍ പി സി ബോധാണ് ഇന്ത്യയിലെ കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ 'ഫാര്‍മേഴ്‌സ് സൂയിസൈഡ് ഇന്‍ ഇന്ത്യ: എ പോളിസി മാലിഗ്‌നന്‍സി' എന്ന പുസ്തകത്തിലാണ് രാജ്യത്തിന്റെ ദോഷകരമായ അവസ്ഥയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ കര്‍ഷക ആത്മഹത്യയുടെ തലസ്ഥാനമായി ഇന്ത്യ മാറുമെന്നാണ് ബോധ്, സര്‍ക്കാരിന് മുന്നറിയിപ്പ് നല്കുന്നത്. സാമൂഹിക-രാഷ്ട്രീയ നിഷ്‌ക്രിയത്വവും രാജ്യത്തെ തന്നെ അന്നമൂട്ടുന്ന ഈ ഭക്ഷ്യ സൈനികരുടെ മാനസിക വേദനകളോടുള്ള ഭയാനകമായ നിസ്സംഗതയുമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നുമാണ് പുസ്തകത്തില്‍ ബോധ് പറയുന്നത്. കര്‍ഷകരുള്‍പ്പെടെ അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് മുഖമുദ്രയെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ബോധിന്റെ പുസ്തകം.2015 -നു ശേഷം കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള സര്‍ക്കാര്‍ വക കണക്കുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണവും വാര്‍ഷിക ശരാശരിയും പഠിച്ചശേഷം ബോധ് പറയുന്നത് 2016-2020 കാലയളവിലുള്ള കര്‍ഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ്. 1995 മുതലുള്ള 25 വര്‍ഷത്തെ കണക്കെടുത്താല്‍ അത് നാല് ലക്ഷം വരെയാകാമെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആത്മഹത്യാ പ്രവണതയില്‍ നിന്നുള്ള പുനരുജ്ജീവനമല്ല ഇവിടെ നടക്കുന്നതെന്നും കര്‍ഷകര്‍ അവരുടെ നിരാശകളില്‍ നിന്ന് കരകയറുകയാണെന്ന പൊതുചിന്ത തെറ്റാണെന്നും ബോധ് പുസ്തകത്തില്‍ പറയുന്നു. തുടരെ വരുന്ന സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണമൊന്നും നല്കിയില്ലെന്നും ബോധ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണസംവിധാനം സ്വാര്‍ത്ഥരായ രാഷ്ട്രീയക്കാരേയും, ഉദ്യോഗസ്ഥരേയും, ബിസിനസുകാരെയും, വ്യവസായികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് രാജ്യത്തിന് അന്നം തരുന്ന സൈനികരായ കര്‍ഷകരെ അവഗണിക്കുകയാണ്. ജനസംഖ്യയില്‍ നിന്നും കര്‍ഷകരുടെ അനുപാതം വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കര്‍ഷകരില്‍ നാല് ശതമാനത്തോളം പേര്‍ മറ്റെന്തെങ്കിലും തൊഴിലെടുക്കാന്‍ സന്നദ്ധരാണെന്നും ബോധ് പറയുന്നു.


ഭീമാകാരമായ കാര്‍ഷിക സമ്പദ് വ്യവസ്ഥയാണെങ്കില്‍ പോലും, നിയമം നിര്‍മ്മിക്കുന്നവരും ഉദ്യോഗസ്ഥരും പൊതുസമൂഹവും ആറു പതിറ്റാണ്ടായി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ വിനാശം മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നും പുസ്തകത്തില്‍ ആരോപണമുണ്ട്. ആദ്യത്തെ രണ്ട് പതിറ്റാണ്ടുകളൊഴിച്ചാല്‍ കര്‍ഷകരോടുള്ള ഇന്ത്യയുടെ നയങ്ങള്‍ വഞ്ചനാപരമായിരുന്നു. കൊളോണിയല്‍ നാശത്തില്‍ നിന്ന് കരകയറുന്ന, നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മുറിവില്‍ നിന്നും ബലഹീനതയില്‍ നിന്നും കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനുവരുന്ന കര്‍ഷകരോടുള്ള ദേശീയ അനാസ്ഥയാണിത്. ഇതുകാരണം തന്നെ, ഇന്ത്യ 'കര്‍ഷകരുടെ ആത്മഹത്യാ തലസ്ഥാനം' എന്ന ബഹുമതി നേടിയേക്കാമെന്നത് നിസ്സംശയം പറയാമെന്നും ബോധ് പറയുന്നു. കഴിഞ്ഞ 22 വര്‍ഷങ്ങളായി കര്‍ഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. 1995-2007 കാലയളവില്‍ 2.07 ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു, വാര്‍ഷിക ശരാശരി 15,953. 2004 ല്‍ ഇത് 18,241 ല്‍ എത്തി. 2007 ല്‍ 16,632 ആയി. 2008 മുതല്‍ 2015 വരെ 1.14 ലക്ഷം കര്‍ഷകര്‍ ജീവനൊടുക്കി. വാര്‍ഷിക ശരാശരി 14,255 2009 ല്‍ 17,368 ഉം 2013 ഓടെ 11,772 ഉം ആയിരുന്നു. 1995 നും 2015 -നും ഇടയില് ഒരു വര്ഷം ശരാശരി കര്ഷക ആത്മഹത്യ 15,306 ആണ്. ഈ ശരാശരി വെച്ച് ബോധ് പറയുന്നത്, 2016 -നും 2020 -നും ഇടയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 3.92 ലക്ഷമെങ്കിലും ആകുമെന്നാണ്. കര്‍ണാടകയില്‍ 1995 -നും 2015 -നും ഇടയില്‍ 42,768 കര്‍ഷക ആത്മഹത്യകളെങ്കിലും നടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-2020 നുമിടയില്‍ കര്‍ണാടകയില്‍ മാത്രം 8,949 കര്‍ഷക ആത്മഹത്യകള്‍ നടന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അത് കാര്യക്ഷമമായി താഴേതട്ടിലെത്തുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. കര്‍ഷകരുടെ വിയര്‍പ്പും അദ്ധ്വാനവും കൊണ്ട് പടുത്തുയര്‍ത്തിയതാണ് ഈ മണ്ണ്. അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനും ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമുണ്ട്.

 

OTHER SECTIONS