കര്‍ണാടകയില്‍ കാമറ ഫീസുകള്‍ കുത്തനെ കൂട്ടി

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azharബംഗ്ലൂരു:വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ കൊള്ളയടിക്കാനൊരുങ്ങി കര്‍ണാടക. വന്യജീവിസങ്കേതങ്ങളിലെ കാമറാ ഫീസുകള്‍ ഇരട്ടിയിലേറെയാണ് വര്‍ദ്ധിപ്പിച്ചത്. ഇതിനൊപ്പം പ്രവേശന ഫീസുകളും കൂട്ടി. ഏകീകൃതരൂപമില്ലാതെയാണ് ഫീസ് വര്‍ദ്ധന. മുമ്പ് 500 രൂപയുണ്ടായിരുന്നത് 1000, 1500 രൂപവരെയാക്കി. ഇതനുസരിച്ച് സാധാരണ സൂംലെന്‍സ് കാമറയുടെ ഫീസ് അടക്കം കാടിനുള്ളിലെ ഒന്നര മണിക്കൂര്‍ സഫാരിക്ക് 1700 രൂപവരെയാകും.


കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹൊളെ കടുവാ സങ്കേതങ്ങളിലെ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ വന്യജീവിസ്‌നേഹികള്‍ കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കി.


ലെന്‍സിന്റെ വലുപ്പത്തിനനുസരിച്ചാണ് കാമറ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സൂംലെന്‍സ് ഇല്ലാത്ത കാമറയുടേത് 200 രൂപയില്‍ നിന്നും 250 രൂപയാക്കി. സാധാരണ സൂം ലെന്‍സുള്ള ക്യാമറയുടേത് 500 രൂപയില്‍നിന്ന് 1000 രൂപയുമാക്കി. 500 എം.എം.ലെന്‍സിന്റെ ഫീസ് 1500 രൂപയാകും.


കാട്ടില്‍ സഫാരിക്ക് വരുന്നവരുടെ എണ്ണം കൂടുകയാണെന്നും ഇത് കുറയ്ക്കാനാണ് ഫീസ് കൂട്ടിയതെന്നുമാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്.


കര്‍ണാടക വനംവകുപ്പിന് കീഴിലെ ജംഗിള്‍ ലോഡ്ജസ് ആന്‍ഡ് റിസോര്‍ട്‌സിന്റെ സഫാരി ഫീസ് വാഹനത്തിന്റെ ഇനമനുസരിച്ച് നാഗര്‍ഹൊളെയിലും ബന്ദിപ്പൂരിലും 2000-5000 രൂപവരെയാക്കി വര്‍ദ്ധിപ്പിച്ചു. പ്രവേശന ഫീസ് 250 രൂപയില്‍നിന്ന് 300 രൂപയുമാക്കി.

 


കേരളത്തില്‍ പ്രത്യേക ഫീസില്ല
കാമറ ലെന്‍സിന്റെ പേരില്‍ കേരളത്തില്‍ പ്രത്യേക ഫീസ് ഈടാക്കുന്നില്ല. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന പെരിയാര്‍ കടുവാസങ്കേതത്തില്‍ ഏതുതരം സ്റ്റില്‍ കാമറയ്ക്കും 70 രൂപയാണ് ഫീസ്. വീഡിയോ കാമറയ്ക്ക് 505 രൂപയും.

 
 

OTHER SECTIONS