എണ്ണയടിക്കാന്‍ കാശില്ല പോലീസ് വാഹനങ്ങള്‍ ഷെഡ്ഡില്‍

By online desk.24 02 2020

imran-azhar

 

തിരുവനന്തപുരം: ആഡംബരവാഹനങ്ങള്‍ വാങ്ങിക്കൂട്ടിയ പൊലീസ് വകുപ്പിന് പെട്രോള്‍ അടിക്കാന്‍ പണമില്ല. പൊലീസ് വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചവകയില്‍ പമ്പുടമകള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപ നല്‍കാനുണ്ട്.കുടിശിക ലഭിക്കാതെ ഇനി ഇന്ധനം നല്‍കാനാകില്ലെന്ന നിലപാടിലാണ് പെട്രോള്‍ പമ്പുടമകള്‍. സമയം ലാഭിക്കാന്‍ യാത്രയ്ക്കായി ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങിയ പൊലീസാണ് ഉള്ള പെട്രോളും ഡീസലും വാങ്ങാന്‍ പണമില്ലാതെ നട്ടംതിരിയുന്നത്.

 


പൊലീസ് സ്റ്റേഷനുകള്‍ക്ക് ജീപ്പ് വാങ്ങാനുള്ള പണം വകമാറ്റി ആഡംബര കാറുകള്‍ വാങ്ങിയത് വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍ 202 ജീപ്പുകള്‍ നിരത്തിലിറക്കി. എന്നാല്‍, ഇന്ധനം അടിച്ചതിന് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ പുതിയ വാഹനങ്ങളില്‍ എങ്ങനെ ഇന്ധനം നിറയ്ക്കുമെന്ന ആശങ്കയിലാണ് പൊലീസ്. വാഹന ഉപയോഗം പരമാവധി കുറയ്ക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആഡംബര വാഹനങ്ങളെല്ലാം തത്ക്കാലം ഷെഡ്ഡില്‍ കിടക്കട്ടെയെന്നാണ് രഹസ്യ തീരുമാനം. ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രധാനമായും ക്യാമ്പുകളിലെ വാഹനങ്ങള്‍ക്കാണ്. പലയിടങ്ങളിലും ജനങ്ങളുടെ ചെലവില്‍ വാഹനം വാടകയ്‌ക്കെടുപ്പിച്ചാണ് പൊലീസ് കേസ് അന്വേഷണവും മറ്റും നടത്തിവന്നത്.

 

 

ഇനി വാഹനമില്ലെന്ന് പറഞ്ഞ് ഒഴിയാനും സാധിക്കില്ല. എല്ലാ സ്റ്റേഷനിലും രണ്ട് വീതം ജീപ്പ് ലഭ്യമാക്കിയെന്നാണ് പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിശദീകരണം. പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ക്വാറി മാഫിയയുടേതുള്‍പ്പെടെ സഹായം തേടുന്നതായും ആക്ഷേപമുണ്ട്.

 

ഇതിനിടയിലും ചില ഉദ്യോഗസ്ഥര്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ഇതോടൊപ്പമാണ് സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വകുപ്പാകെ ആരോപണത്തിന്റെ നിഴലിലായത്.
ഇതിനിടെ പൊലീസ് വകുപ്പിന്റെ സഹോദര സ്ഥാപനമായ ജയില്‍ വകുപ്പ് സ്വന്തമായി പെട്രോള്‍ പമ്പ്ആരംഭിക്കാന്‍ തീരുമാനിച്ചു വിഷുദിനത്തില്‍ ജയില്‍ വകുപ്പിന്റെ പമ്പില്‍ നിന്ന് പെട്രോള്‍ ലഭിച്ചു തുടങ്ങും. പൊലീസ് വകുപ്പിന്റെ പെട്രോള്‍ വാങ്ങല്‍ ജയില്‍ വകുപ്പിന്റെ പെട്രോള്‍ പമ്പില്‍ നിന്ന് ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

 

OTHER SECTIONS