സൗദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ വിരലടയാളം; ജനുവരി 15 മുതൽ നിർബന്ധം

ഇ​നിമുതൽ ആവശ്യക്കാർ സൗ​ദി​യി​ലേ​ക്ക്​ തൊ​ഴി​ൽ വി​സ സ്​​റ്റാ​മ്പ്​ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി വി.​എ​ഫ്.​എ​സ് ഓ​ഫിസി​ൽ നേ​രി​ട്ടെ​ത്തി വി​ര​ല​ട​യാ​ളം പതിക്കണം.

author-image
Greeshma Rakesh
New Update
സൗദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ വിരലടയാളം; ജനുവരി 15 മുതൽ നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കാൻ തീരുമാനം. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇനിമുതൽ ആവശ്യക്കാർ സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം പതിക്കണം. സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രണ്ടുവർഷം മുമ്പേ ഇതിനെക്കുറിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകിയിരുന്നു. 2022 മേയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിലാകുമെന്ന് കോൺസുലേറ്റ് അന്ന് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വിസ സർവിസിങ് നടപടികളുടെ പുറം കരാറെടുത്ത ഏജൻസിയായ വി.എഫ്.എസിന്റെ ശാഖകളുടെ കുറവും പൊടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെത്തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെ താൽക്കാലികമായി അന്ന് മരവിപ്പിക്കുകയായിരുന്നു.

ശേഷം ഏതാനും മാസം മുമ്പ് സൗദിയിലേക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് ഈ നിയമം നിർബന്ധമാക്കിയിരിക്കുന്നു. ഇപ്പോഴിതാ തൊഴിൽ വിസകൾക്കുകൂടി ഇത് ബാധകമാക്കുകയാണ്. ഇതോടെ വി.എഫ്.എസ് ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും. കേരളത്തിൽ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. എന്നാൽ ഇനി തൊഴിൽ വിസകൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് വിവരം.

ഇത് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വലിയ രീതിയിലുള്ള കാലതാമസമെടുക്കുമെന്ന് കംഫർട്ട് ട്രാവൽസ് സൗദി ഓപറേഷൻ മാനേജർ മുജീബ് ഉപ്പട ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി.എഫ്.എസ് ശാഖകൾ കുറവാണ്. രാജ്യത്ത് ആകെ 10 ഇടങ്ങളിൽ മാത്രമാണ് ശാഖകളുള്ളത്.

മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നോ, ന്യൂഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് നിലവിൽ വി.എഫ്.എസ് ശാഖകളുള്ളത്.ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തിൽ വിരലടയാളം നിർബന്ധമായി മാറുകയാണ്. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നൽകുന്നത്. വിസ കിട്ടിയാൽ പാസ്പോർട്ടുമായി സൗദിയിലേക്ക് വിമാനം കയറാനാവും.

saudi arabia gulf news fingerprint stampingl employment visa