അമോണിയം കലര്‍ന്ന വിഷ മത്സ്യം വീണ്ടും വിപണിയില്‍

By online desk.23 07 2019

imran-azhar

 

നെയ്യാറ്റിന്‍കര: അമോണിയം, ഫോര്‍മിലിന്‍ എന്നീ രാസ പദാര്‍ദ്ധങ്ങള്‍ കലര്‍ന്ന മത്സ്യങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ശക്തമാക്കിയതോടെ പുതിയ കണ്ടുപിടുത്തവുമായി മത്സ്യ വ്യാപാരം. സോഡിയം ബെന്‍സോയേറ് കലന്ന മല്‍സ്യം വിപണിയില്‍ വ്യാപകമായി ഉപയോഗിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ബാക്ടീരിയയെ പ്രതിരോധിക്കാന്‍ വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കാവുന്ന രാസപദാര്‍ത്ഥമാണ് സോഡിയം ബെന്‍സോയേറ്. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മല്‍സ്യം കണ്ടെത്താന്‍ കേരള അതിര്‍ത്തികളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതടക്കം പരിശോധന ശക്തമായതോടെയാണ് സോഡിയം ബെന്‍സോയേറ്റിന്റെ ഉപയോഗം വീണ്ടും തുടങ്ങിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയാറാക്കിയ പരിശോധന കിറ്റുകള്‍ ഉപയോഗിച്ച് ചെക്ക്‌പോസ്റ്റുകളിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയതോടെയാണ് മത്സ്യത്തിലെ സോഡിയം ബെന്‍സോയേറ്റിന്റെ ഉപയോഗത്തില്‍ സംശയം ഉടലെടുത്തത്.

മത്സ്യം ലാബില്‍ എത്തിച്ച് നടത്തുന്ന പരിശോധനയില്‍ മാത്രമേ സോഡിയം ബെന്‍സോയേറ്റ് കലര്‍ന്നിട്ടുണ്ടോയെന്നും അതിന്റെ അളവ് എത്രത്തോളമുണ്ടെന്നുംതിരിച്ചറിയാന്‍ കഴിയൂ. പരിശോധനയില്‍ വരുന്ന ഈ കാലതാമസവും പിടിക്കപ്പെടില്ലെന്ന ധൈര്യവുമാണ് കേരളത്തിലേക്ക് കടത്തുന്ന മത്സ്യങ്ങളില്‍ ഇവ വ്യാപാകമാക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.

സോഡിയം ബെന്‍സോയേറ് മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നത്. ജനിതക വൈകല്യം, പാര്‍ക്കിന്‍സണ്‍ രോഗം, കാന്‍സര്‍, അകാലവര്‍ദ്ധക്യം, കോശങ്ങളുടെ നാശം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഇത് ഇടയാക്കും. കേരളത്തിനകത്തും പുറുമുള്ള മത്സ്യ ബന്ധന തുറമുഖങ്ങളിലും ചില്ലറ വില്‍പ്പന മാര്‍ക്കറ്റുകളിലും പച്ച മത്സ്യത്തിന് മുകളില്‍ വാരി വിതറിയും വെള്ളത്തില്‍ നേര്‍പ്പിച്ചുണ് ഇവ ഉപയോഗിക്കുന്നുണ്ട്.

ബ്രെഡ്, അച്ചാറുകള്‍, ഉണക്കി സൂക്ഷിക്കുന്ന പ്രോസസ് ചെയ്ത ചില ഭഷ്യ സാധനങ്ങളിലും സോഡിയം ബെന്‍സോയേറ് ചെറിയ തോതില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിന്റെ അളവ് കൂടിയാല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്കു വഴിവയ്ക്കും. മത്സ്യം പാചകം ചെയ്താലും ഈ രാസപദാത്ഥത്തിന്റെ സാമീപ്യമില്ലാതാക്കാന്‍ കഴിയാത്തതിനാലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്

 

OTHER SECTIONS