മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും: 25.36 കോടിരൂപയുടെ നിര്‍ദേശത്തിന് അംഗീകാരം

By Online Desk.13 11 2018

imran-azhar

 

 

മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. 25.36 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500 കിലോമീറ്റര്‍ വരെ കവറേജുളള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.

 

ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ ആണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടിരൂപയാണ് ചെലവ്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുളള അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്. തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.

 

ആയിരം മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കും. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. 9.43 കോടി രൂപ ചെലവിട്ടാണ് സാറ്റലൈറ്റ് ഫോണ്‍ വാങ്ങുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.

 

 

 

 

 

 

 

 

OTHER SECTIONS