തലസ്ഥാനത്ത് മണ്ണടിയാന്‍ നൂറുകണക്കിന് കെട്ടിടങ്ങളുടെ പട്ടികയാകുന്നു

By online desk.14 01 2020

imran-azhar

 

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ രണ്ടു ദിവസം കൊണ്ട് തവിടു പൊടിയായതോടെ തലസ്ഥാനത്തെ നൂറുകണക്കിന് അനധികൃത കെട്ടിടങ്ങളും മണ്ണടിയുമെന്ന ആശങ്ക ശക്തമായി. പരിസ്ഥിതി വാദികളുടെ സംഘം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഫ്‌ളാറ്റുടമകളും നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഒരുപോലെ ആശങ്കയില്‍. തിരുവനന്തപുരത്ത് 141 കെട്ടിടങ്ങള്‍ നിയമ വിരുദ്ധമായി നിര്‍മ്മിച്ചതും പൊളിക്കാന്‍ യോഗ്യവുമാണെന്ന് പ്രാഥമിക നിഗമനം. വിശദമായ കണക്കെടുപ്പ് ഉടന്‍.

 

തലസ്ഥാനത്ത് കായലുകള്‍ കൈയേറി നിരവധി കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ നിയമലംഘകര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കും. നഗരസഭാ പരിധിയിലാണ് കൂടുതലും ഇത്തരം നിര്‍മ്മാണങ്ങള്‍ നടന്നിട്ടുള്ളത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മരടില്‍ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയതോടെ തലസ്ഥാനത്തും പൊളിക്കല്‍ നടന്നേക്കുമെന്ന ആശങ്കയിലാണ് ഫ്‌ളാറ്റുടമകളും നിര്‍മ്മാതാക്കളും.

 

കോവളം, വിഴിഞ്ഞം മേഖലയില്‍ 78 കെട്ടിടങ്ങളാണ് അനധികൃതമായി കെട്ടി ഉയര്‍ത്തിയതെന്ന് വ്യക്തമായിട്ടുള്ളത്. തീരദേശ പരിപാലന നിയമം അടക്കമുള്ള മാനദണ്ഡങ്ങളാണ് ഇവ ലംഘിച്ചിട്ടുള്ളത്. ഇതുകൂടാതെ കരമനയാറിന്റെ തീരത്ത് ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും ഉയര്‍ന്നിട്ടുണ്ട്. പലതും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രമുഖ ബില്‍ഡര്‍മാരാണ് ഇവ നിര്‍മിച്ചിരിക്കുന്നത്

 

എറണാകുളത്ത് വളരെ വിജയകരമായി കോടതി വിധി നടപ്പാക്കിയതോടെ തലസ്ഥാനത്തെ കൈയേറ്റങ്ങള്‍ക്കെതിരെ പരിസ്ഥിതി വാദികള്‍ കൂട്ടമായും ഒറ്റയ്ക്കും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മരട് വിധി എടുത്തുകാട്ടിയാണ് ഇവര്‍ കോടതിയില്‍ പോകുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നീതിപീഠത്തിനു മുന്നില്‍ ഹര്‍ജി നല്‍കുമെന്നാണു സൂചന. മരടിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ സംഘടിച്ചെത്തിയാല്‍ കോടതിക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.

 

കരമനയാര്‍, വെള്ളായണി കായര്‍, ആക്കുളം, ശംഖുംമുഖം, വേളി തുടങ്ങിയ പ്രദേശങ്ങളിലാണ് അനധികൃത കൈയേറ്റങ്ങള്‍ കൂടുതലായുള്ളത്. കായല്‍ നികത്തിയും കൈയേറിയുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതൊക്കെ നഗരസഭാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വന്‍കിട ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പെര്‍മിറ്റും മറ്റും നേടിയത്. നഗരസഭാ സെക്രട്ടറി ദീപ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ നേരത്തെ കൈയോടെ പിടികൂടുകയും പെര്‍മിറ്റുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണാനുകൂല സംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം തദ്ദേശ സ്വയംഭരണ മന്ത്രിയെ സ്വാധീനിച്ച് ദീപയെ നഗരസഭാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. അന്നത്തെ മേയര്‍ വി.കെ. പ്രശാന്ത് സംഭവത്തില്‍ ഇടപെടുകയും ദീപയെ സെക്രട്ടറിയായി തിരിച്ചു കൊണ്ടുവരികയുമായിരുന്നു.

 

ആക്കുളത്ത് നാലോളം ഫ്‌ളാറ്റുകളാണ് അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുനിന്ന വകയില്‍ ലക്ഷങ്ങളാണ് ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയത്. ഇതൊന്നുമറിയാതെ ഫ്‌ളാറ്റ് വാങ്ങിയവരാണ് ഇപ്പോള്‍ കെണിയില്‍പ്പെട്ടിരിക്കുന്നത്. ചിലര്‍ കായല്‍ തീരത്തെ ഫ്‌ളാറ്റിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ഈ പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും ചിലര്‍ക്കുണ്ട്.

 

OTHER SECTIONS