നേപ്പാളിലെ വെള്ളപ്പൊക്കം; മരണം 88 ആയി, അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ച് രാജ്യം

By mathew.16 07 2019

imran-azhar


കാഠ്മണ്ഡു: ശക്തമായ മഴയെ തുടര്‍ന്ന് നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 88 ആയി. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് കരകയറാന്‍ രാജ്യം അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചു.

ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളില്‍ വെള്ളം കയറി. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ ഭാഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡു, ലളിത്പുര്‍, ധാദിങ്, റൗതാഹത്, ചിതാവന്‍, സിരാഹ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി 2500ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

കാഠ്മണ്ഡുവില്‍ അധികൃതര്‍ അടിയന്തരയോഗം ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ലോകാരോഗ്യസംഘടനയുടെ നേപ്പാള്‍ ഓഫീസിലെയും യുനിസെഫ്, യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പ്രത്യേക ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നതായി അധികൃതര്‍ പറഞ്ഞു.

 

OTHER SECTIONS